നോവ സ്കോഷ്യ: അറ്റ്‌ലാന്റിക് കാനഡയിലെ അതിർത്തികളിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചതും, രാജ്യത്ത് നിന്ന് കയറ്റി അയക്കാൻ ശ്രമിച്ചതുമായ 13,985 കിലോഗ്രാം അനധികൃത കഞ്ചാവ് ഉൾപ്പെടെ 14,000 കിലോഗ്രാമിലധികം ലഹരിവസ്തുക്കൾ 2025 ജനുവരി 1 മുതൽ ഒക്ടോബർ 31 വരെ CBSA പിടിച്ചെടുത്തു. മെത്താംഫെറ്റാമൈൻസ്, കൊക്കെയ്ൻ, ഒപ്പിയോയിഡുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. അതിർത്തികൾ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന അനധികൃത മയക്കുമരുന്നുകൾ, തോക്കുകൾ, ആയുധങ്ങൾ എന്നിവ തടയുന്നതിലും, തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരെ രാജ്യത്ത് നിന്ന് നീക്കം ചെയ്യുന്നതിലും CBSA ഉദ്യോഗസ്ഥരുടെ ജാഗ്രത പ്രശംസനീയമാണെന്ന് പബ്ലിക് സേഫ്റ്റി മന്ത്രി ഗാരി ആനന്ദസംഗരീ അഭിപ്രായപ്പെട്ടു.
ന്യൂ ബ്രൺസ്‌വിക്കിൽ നടന്ന പരിശോധനകളിൽ മാത്രം 782 ലഹരിമരുന്ന് ശേഖരങ്ങളും 29 തോക്കുകൾ ഉൾപ്പെടെ 135-ഓളം നിരോധിത വസ്തുക്കളും പിടിച്ചെടുത്തു. കൂടാതെ, കുറ്റകൃത്യത്തിലൂടെ ലഭിച്ചെന്ന് സംശയിക്കുന്ന $230,142 കനേഡിയൻ ഡോളറും ഇവിടെ നിന്ന് കണ്ടുകെട്ടി. മെയ് മാസത്തിൽ സെന്റ് ജോണിൽ കയറ്റുമതി പരിശോധനയ്ക്കിടെ സ്കോട്ട്ലൻഡിലേക്ക് അയക്കാൻ ശ്രമിച്ച 6,700 കിലോഗ്രാം കഞ്ചാവ് പിടികൂടിയതാണ് 2025-ൽ അറ്റ്‌ലാന്റിക് കാനഡയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്ന്. ഈ പിടിച്ചെടുക്കൽ അറ്റ്‌ലാന്റിക്കിലെ മൊത്തം കഞ്ചാവ് വേട്ടയുടെ ഏകദേശം പകുതിയോളം വരും.
നോവ സ്കോഷ്യയിലെ ഹാലിഫാക്സിലും CBSA സജീവമായിരുന്നു. ഇവിടെ 2,415 കിലോഗ്രാം അനധികൃത കഞ്ചാവ് പിടിച്ചെടുക്കുകയും $74,497 ഡോളർ കണ്ടുകെട്ടുകയും ചെയ്തു. ബാർബഡോസിലേക്ക് അയക്കാൻ ശ്രമിച്ച 1600 കിലോഗ്രാം കഞ്ചാവും യുണൈറ്റഡ് കിംഗ്ഡത്തിലേക്ക് അയക്കാൻ ശ്രമിച്ച 800 കിലോഗ്രാം കഞ്ചാവും ഇതിൽപ്പെടുന്നു. അനധികൃത കഞ്ചാവ് കടത്ത് തടയുന്നതിലൂടെ സംഘടിത കുറ്റകൃത്യങ്ങളുടെ ധനസഹായ ശൃംഖലയെ തകർക്കാൻ കഴിയുമെന്നും ഏജൻസി അറിയിച്ചു. കൂടാതെ, ഈ വർഷം 107 മോഷ്ടിച്ച വാഹനങ്ങൾ കണ്ടെത്തി തടയാനും നോവ സ്കോഷ്യയിലെ CBSA ഉദ്യോഗസ്ഥർക്ക് സാധിച്ചു.
പ്രിൻസ് എഡ്വേർഡ് ദ്വീപിൽ (PEI) നടന്ന ഒരു സുപ്രധാന അന്വേഷണത്തിന്റെ ഭാഗമായി, വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നാല് പ്രാദേശിക കാർഷിക ബിസിനസ്സുകൾക്കെതിരെയും ഏഴ് വ്യക്തികൾക്കെതിരെയും CBSA കുറ്റം ചുമത്തി. ഫെന്റനൈൽ പോലുള്ള മാരക ലഹരിവസ്തുക്കൾ സമൂഹത്തിലേക്ക് എത്തുന്നത് തടയുന്നതിൽ CBSA ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്ക് നിർണായകമാണെന്നും, അവരുടെ പ്രവർത്തനം നിരവധി ജീവൻ രക്ഷിക്കാൻ സഹായിക്കുന്നുണ്ടെന്നും കാനഡയുടെ ഫെന്റനൈൽ വിഭാഗം ഹെഡ് കെവിൻ ബ്രോസോ (Kevin Brosseau) അഭിപ്രായപ്പെട്ടു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Major drug bust at Atlantic Canada border: Over 13,000 kilos of cannabis seized in Atlantic Canada






