തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൻ്റെ അടിസ്ഥാനത്തിൽ ഔദ്യോഗിക അന്വേഷണത്തിനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്ത് കേസിൽ തുടർനടപടികൾ വേഗത്തിലാക്കാനാണ് സർക്കാരിന്റെ തീരുമാനം.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ ടി, മുൻ മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇഡിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെയുള്ള അന്വേഷണ നീക്കം ശക്തമാക്കിയിട്ടുള്ളത്. കേസിൽ പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.
വിഷയത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചയ്ക്ക് ശേഷമാണ് ഇഡിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ചുള്ള അന്വേഷണത്തിന് അന്തിമ തീരുമാനമെടുത്തത്. തുടർന്ന് അന്വേഷണത്തിനായുള്ള ഔദ്യോഗിക നിർദേശം ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി.
മാസപ്പടി കേസ് സംബന്ധിച്ച ഇഡി ശുപാര്‍ശ അന്വേഷിക്കാൻ ഡിജിപിക്ക് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയതിന് ശേഷം മാത്രമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പാടുള്ളൂ എന്നാണ് കോടതി ഉത്തരവും ലഭ്യമായ നിയമോപദേശവും വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവുകൾ ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








