വിന്നിപെഗ്: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി ക്ലാസ് മുറികളിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചാറ്റ്ബോട്ടുകൾക്കും നിരോധനം ഏർപ്പെടുത്താൻ മാനിറ്റോബ സർക്കാർ നീക്കം തുടങ്ങി. കഴിഞ്ഞ വാരാന്ത്യത്തിൽ പ്രീമിയർ വാബ് കിന്യൂ പ്രഖ്യാപിച്ച നയത്തിന്റെ ആദ്യഘട്ടം സ്കൂളുകളിൽ നിന്നായിരിക്കും ആരംഭിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി ട്രേസി ഷ്മിറ്റ് വ്യക്തമാക്കി. നിലവിൽ സ്കൂളുകളിൽ നടപ്പിലാക്കിയ മൊബൈൽ ഫോൺ നിയന്ത്രണത്തിന് സമാനമായ രീതിയിലായിരിക്കും പുതിയ നിയമവും പ്രാബല്യത്തിൽ വരിക.
തിങ്കളാഴ്ച രാവിലെ വിന്നിപെഗിൽ നടന്ന വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. സോഷ്യൽ മീഡിയയും ചാറ്റ്ബോട്ടുകളും കുട്ടികളിൽ ഉണ്ടാക്കുന്ന ദോഷകരമായ സ്വാധീനം തടയുന്നതിനുള്ള പ്രായോഗികമായ ആദ്യപടിയാണ് സ്കൂൾ തലത്തിലുള്ള നിരോധനമെന്ന് മന്ത്രി പറഞ്ഞു. നിയമപരമായ മാറ്റങ്ങൾ ആവശ്യമായതിനാൽ, ഘട്ടംഘട്ടമായുള്ള നടപ്പാക്കലിനായിരിക്കും സർക്കാർ മുൻഗണന നൽകുന്നത്. എന്നാൽ നിരോധനം എന്ന് മുതൽ പ്രാബല്യത്തിൽ വരും എന്നതിനെക്കുറിച്ചോ കൃത്യമായ സമയക്രമത്തെക്കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ മന്ത്രാലയം ഇപ്പോൾ പുറത്തുവിട്ടിട്ടില്ല.
കുട്ടികളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സാങ്കേതിക പ്ലാറ്റ്ഫോമുകളിൽ നിന്ന് അവരെ സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രീമിയർ വാബ് കിന്യൂ നേരത്തെ വ്യക്തമാക്കിയിരുന്നു. വെറും ‘ലൈക്കുകൾക്ക്’ വേണ്ടി സോഷ്യൽ മീഡിയ ഭീമന്മാർ കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിരോധനം ഏർപ്പെടുത്തേണ്ട പ്രായപരിധി, അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകൾക്ക് മേൽ പ്രവശ്യ സർക്കാരിന് എത്രത്തോളം നിയന്ത്രണം ചെലുത്താനാകും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരാനുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി സ്കൂൾ ഡിവിഷനുകൾ, രക്ഷിതാക്കൾ, കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവരുമായി സർക്കാർ ചർച്ചകൾ നടത്തിവരികയാണെന്ന് ട്രേസി ഷ്മിറ്റ് കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Manitoba government takes further action after social media ban from schools




