ഒട്ടാവ: കാനഡയിലെ ഇന്ത്യൻ ആക്ടിൽ നിലനിൽക്കുന്ന വിവേചനപരമായ വ്യവസ്ഥകൾ നീക്കം ചെയ്യുന്നതിനുള്ള ‘ബിൽ എസ്-2’ അടിയന്തരമായി പാസാക്കണമെന്ന് ഫെഡറൽ സർക്കാരിനോട് ആവശ്യവുമായി മാനിറ്റോബയിലെ ഫസ്റ്റ് നേഷൻസ് നേതാക്കൾ. പാർലമെന്റ് വേനൽ അവധിക്കായി പിരിയുന്നതിന് മുൻപ് ഈ ബില്ലിൽ അനുകൂലമായ തീരുമാനമെടുക്കണമെന്ന് അസംബ്ലി ഓഫ് മാനിറ്റോബ ചീഫ്സ് (എ.എം.സി) ഒട്ടാവയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിലവിലെ നിയമത്തിലെ ‘രണ്ടാം തലമുറ നിയന്ത്രണം’ മൂലം നിരവധി കുട്ടികൾക്ക് തങ്ങളുടെ പാരമ്പര്യ പദവി നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാനാണ് ഈ പുതിയ നിയമനിർമാണം ആവശ്യപ്പെടുന്നത്.
നിലവിലെ നിയമപ്രകാരം, തുടർച്ചയായി രണ്ട് തലമുറകളിൽ ഏതെങ്കിലും ഒരു രക്ഷിതാവിന് “Indian Status” (ഫസ്റ്റ് നേഷൻസ് പദവി) ഇല്ലെങ്കിൽ, ആ കുടുംബത്തിലെ കുട്ടികൾക്ക് ഈ ഔദ്യോഗിക പദവി ലഭിക്കില്ല. ഈ വിവേചനം ഒഴിവാക്കി, മാതാപിതാക്കളിൽ ഒരാൾക്ക് പദവി ഉണ്ടെങ്കിൽ കുട്ടികൾക്കും അത് ഉറപ്പാക്കുകയാണ് ബിൽ എസ്-2 ലക്ഷ്യമിടുന്നത്. ഈ പദവി ലഭിക്കുന്നവർക്ക് കാനഡയിൽ നികുതി ഇളവുകൾ, ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, തനത് ഭൂമിയിൽ മത്സ്യബന്ധനത്തിനും വേട്ടയാടലിനുമുള്ള അവകാശങ്ങൾ എന്നിവ ലഭിക്കും. മാതാപിതാക്കളുടെ വിവാഹ തീരുമാനങ്ങളുടെ പേരിൽ കുട്ടികൾക്ക് ഈ ആനുകൂല്യങ്ങൾ നഷ്ടപ്പെടരുതെന്ന് എ.എം.സി ഗ്രാൻഡ് ചീഫ് കൈറ വിൽസൺ ചൂണ്ടിക്കാട്ടി.
ഫസ്റ്റ് നേഷൻസ് സേവന മന്ത്രി മാൻഡി ഗൾ-മാസ്റ്റി അവതരിപ്പിച്ച ഈ ബിൽ ഇതിനകം സെനറ്റിന്റെ അംഗീകാരം നേടിയിട്ടുണ്ട്. ഇപ്പോൾ പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയിലുള്ള ഈ ബിൽ പാസാക്കാൻ മനപ്പൂർവം കാലതാമസം വരുത്തുകയാണെന്ന് ഫസ്റ്റ് നേഷൻസ് നേതാക്കൾ ആരോപിക്കുന്നു. എന്നാൽ, ഫസ്റ്റ് നേഷൻസ് സമൂഹങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമപരിഷ്കാരങ്ങളുമായി മുന്നോട്ട് പോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. 1867 മുതൽ നിലവിലുള്ള ഇന്ത്യൻ ആക്ടിലെ വിവേചനങ്ങൾ അവസാനിപ്പിക്കാൻ പാർലമെന്റ് അടിയന്തരമായി ഇടപെടണമെന്നാണ് ഫസ്റ്റ് നേഷൻസ് സംഘടനകളുടെയും പ്രതിപക്ഷാംഗങ്ങളുടെയും ആവശ്യം.
എന്താണ് ഇന്ത്യൻ ആക്ട്?
Indian Act കാനഡ സർക്കാർ 1876-ൽ നടപ്പിലാക്കിയ ഒരു ഫെഡറൽ നിയമമാണ്. കാനഡയിലെ ഫസ്റ്റ് നേഷൻസ് (First Nations) ജനവിഭാഗങ്ങളുടെ നിയമപരമായ പദവി, ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ, ഭരണസംവിധാനങ്ങൾ, സർക്കാർ സേവനങ്ങൾ എന്നിവ നിയന്ത്രിക്കുന്ന പ്രധാന നിയമമാണിത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Manitoba chiefs urge federal government to urgently pass Bill S-2 to end discrimination in Indian Act









