ലണ്ടൻ: സ്കോട്ട്‌ലൻഡിലെ കെയർ ഹോമിൽ വെച്ച് യുവതികളായ സഹപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിച്ച കേസിൽനിന്ന് രക്ഷപ്പെടാൻ ഇന്ത്യയിലേക്ക് മുങ്ങിയ മലയാളി മെയിൽ നഴ്സിനെ ആറ് വർഷത്തിനുശേഷം തിരികെ ബ്രിട്ടനിലെത്തിച്ച് ജയിലിൽ അടച്ചു. നൈജിൽ പോൾ (47) എന്ന മലയാളി നഴ്സിനാണ് സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോ കോടതി ഏഴുവർഷവും ഒമ്പത് മാസവും കഠിനതടവിന് ശിക്ഷ വിധിച്ചത്.
സ്കോട്ട്‌ലൻഡിലെ ഹാമിൽട്ടണിൽ നൈജിൽ മാനേജരായി ജോലി ചെയ്തിരുന്ന കെയർ ഹോമിലെ മൂന്ന് യുവതി ജീവനക്കാരെ ലൈംഗികമായി പീഡിപ്പിച്ചു, ഉപദ്രവിച്ചു എന്നതാണ് കേസ്. 2018-ലായിരുന്നു കേസിനാസ്പദമായ സംഭവം. 2019-ൽ വിചാരണ തുടങ്ങുന്നതിന് മുൻപ് കോടതിയിൽ ഹാജരാകേണ്ട ദിവസം, രോഗിയായ പിതാവിനെ ശുശ്രൂഷിക്കാനെന്ന വ്യാജേന ഇയാൾ ബ്രിട്ടൻ വിട്ട് നാട്ടിലേക്ക് (ഇന്ത്യയിലേക്ക്) മുങ്ങുകയായിരുന്നു. ബ്രിട്ടിഷ് പൗരത്വമുള്ളയാളാണ് നൈജിൽ. ഇയാൾക്കെതിരെ കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചു. തുടർന്ന്, ഇന്റർപോളിന്റെയും നയതന്ത്ര ഇടപെടലുകളുടെയും സഹായത്തോടെയാണ് ബ്രിട്ടീഷ് അധികൃതർ നൈജിലിനെ തിരികെ രാജ്യത്ത് എത്തിച്ചത്. ഡൽഹി കോടതിയുടെ അനുമതിയോടെ 2025 ജൂൺ 9-ന് ഇയാളെ ബ്രിട്ടനിലേക്ക് കൈമാറി.
ഗ്ലാസ്‌ഗോ കോടതിയിൽ നടന്ന വിചാരണയിൽ ഇയാൾ പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ സമ്മതിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യങ്ങളാണ് പ്രതി ചെയ്തതെന്നും ഇയാൾ യുവതികൾക്ക് ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു. ഏഴ് വർഷവും ഒമ്പത് മാസത്തെ തടവിന് പുറമേ, ജയിൽ മോചിതനായ ശേഷം രണ്ട് വർഷത്തെ നിരീക്ഷണവും ശിക്ഷയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ലൈംഗിക കുറ്റവാളികളുടെ (Sex Offender Registry) ലിസ്റ്റിൽ ഇയാളുടെ പേര് രേഖപ്പെടുത്താനും അതിജീവിതകളുടെ അടുത്തേക്ക് പോകരുതെന്നും കോടതി നിർദ്ദേശിച്ചു. ഇവിടെ നീതി നടപ്പാക്കാൻ സഹായകമായത് പ്രതിയുടെ ബ്രിട്ടിഷ് പൗരത്വം ആണെന്നും, അതുവഴി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സാധിച്ചു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Malayali nurse arrested for sexual assault in Scotland






