ഹാലിഫാക്സ്: ഗ്രീൻ ഹൈഡ്രജൻ ഉൽപ്പാദനത്തിനായി നോവ സ്കോഷ്യയിലെ ഗയ്സ്ബറോ കൗണ്ടിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഹാർബർ ഹിൽസ് കാറ്റാടിയന്ത്ര പദ്ധതിയിൽ കൂടുതൽ വിവരങ്ങൾ സമർപ്പിക്കാൻ കാനഡയിലെ ഇവർവിൻഡ് ഫ്യൂവൽസ് കമ്പനിയോട് ആവശ്യപ്പെട്ട് പ്രവിശ്യാ സർക്കാർ. 30 ടർബൈനുകൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന 6,000 ഹെക്ടർ പ്രദേശത്ത് സസ്യങ്ങളുടെയും മൃഗങ്ങളുടെയും കൃത്യമായ വിവരശേഖരണം നടത്തുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന് നോവ സ്കോഷ്യ പരിസ്ഥിതി മന്ത്രി ടിം ഹാൾമാൻ പറഞ്ഞു.
പദ്ധതി പ്രദേശത്തെ മൂസ് മാൻ, വവ്വാലുകൾ, പക്ഷികൾ, ആമകൾ, അപൂർവ സസ്യങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ ഒരു വർഷത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. സർക്കാരിന്റെ ആവശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ആവശ്യപ്പെട്ട വിവരങ്ങൾ നൽകി തുടർനടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി വക്താവ് ക്ലെയർ പാഴ്‌സൺസ് വ്യക്തമാക്കി.
പോയിന്റ് ടപ്പറിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഗ്രീൻ ഹൈഡ്രജൻ, അമോണിയ ഉൽപ്പാദന കേന്ദ്രത്തിന് ഊർജം നൽകുന്നതിനാണ് ഇവർവിൻഡ് ഗയ്സ്ബറോയിൽ 107 ടർബൈനുകളുള്ള ഹാർബർ ഹിൽസ് ഉൾപ്പെടെ മൂന്ന് വൻകിട കാറ്റാടിപ്പാടങ്ങൾ ലക്ഷ്യമിടുന്നത്. ഉൽപ്പാദിപ്പിക്കുന്ന അമോണിയ അറ്റ്ലാന്റിക് സമുദ്രം വഴി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാനായിരുന്നു പദ്ധതിയെങ്കിലും ജർമൻ കമ്പനിയായ ‘ഇ.ഓൺ ഗ്രൂപ്പ്’ ഹൈഡ്രജൻ പദ്ധതികളിൽ നിന്ന് പിന്മാറിയത് കമ്പനിക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാൽ യൂറോപ്പിൽ ശുദ്ധഇന്ധനത്തിനായുള്ള ആവശ്യക്കാരുടെ എണ്ണം കൂടുന്നുണ്ടെന്നും Uniper ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ പങ്കാളികളുമായി സഹകരിച്ച് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, പോയിന്റ് ടപ്പറിൽ സമാനമായ ഗ്രീൻ ഹൈഡ്രജൻ നിർമാണ കേന്ദ്രം പ്രഖ്യാപിച്ച Bear Head Energy തൽക്കാലം പദ്ധതി വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്ന നിലപാടിലാണ്.
പദ്ധതി നിർമാണം ആരംഭിക്കാൻ സർക്കാർ 2027 വരെ സമയം നീട്ടി നൽകിയിട്ടുണ്ടെങ്കിലും കാറ്റാടിപ്പാടങ്ങൾക്കായി കമ്പനി ഇതുവരെ പരിസ്ഥിതി അനുമതി തേടിയിട്ടില്ല. അന്താരാഷ്ട്ര തലത്തിൽ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങൾ കാരണം ഹൈഡ്രജൻ വിപണി വിചാരിച്ചത്ര വേഗത്തിൽ വളർന്നിട്ടില്ലെന്നും എന്നാൽ ഭാവിയിൽ കാർബൺ മലിനീകരണം കുറയ്ക്കുന്നതിൽ പ്രകൃതിദത്ത ഹൈഡ്രജൻ പദ്ധതികൾക്ക് വലിയ സാധ്യതയുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
Major setback to wind project! Nova Scotia seeks more information from Iverwind
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla








