ബ്രിട്ടീഷ് കൊളംബിയ: ബ്രിട്ടീഷ് കൊളംബിയയിൽ വീണ്ടും കാട്ടുതീ ഭീഷണി ഉയർന്നിരിക്കുകയാണ്. അഞ്ച് വർഷം മുൻപ് തീപിടുത്തത്തിൽ പൂർണ്ണമായും നശിച്ച ലിറ്റൺ ഗ്രാമം ഇപ്പോൾ വീണ്ടും കാട്ടുതീയുടെ പിടിയിലാണ്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ അധികൃതർ ഉത്തരവിട്ടു.

ലിറ്റൺ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനൊപ്പം ഒഴിപ്പിക്കൽ ഉത്തരവും പുറപ്പെടുവിച്ചു. അൻപതോളം വീടുകൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ നിലവിൽ ഭീഷണിയിലാണ്. ഇതിനുപുറമെ 160-ലധികം വിലാസങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ലിറ്റണിന് മൂന്ന് കിലോമീറ്റർ തെക്ക് ഭാഗത്തായി സോ ക്രീക്ക് എന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. നിലവിൽ ആറ് ചതുരശ്ര കിലോമീറ്ററോളം പ്രദേശത്ത് തീ പടർന്നിട്ടുണ്ടെന്നും, തീ നിയന്ത്രണാതീതമായി തുടരുകയാണെന്നും ബി.സി. വൈൽഡ്‌ഫയർ സർവീസ് അറിയിച്ചു.
130 അഗ്നിശമന സേനാംഗങ്ങളും ഒൻപത് ഹെലികോപ്റ്ററുകളും തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്. സുരക്ഷാ നടപടികളുടെ ഭാഗമായി ബോസ്റ്റൺ ബാർ മുതൽ ക്യാഷ് ക്രീക്ക് വരെയുള്ള 116 കിലോമീറ്റർ ഭാഗത്ത് ഹൈവേ-1 അടച്ചിട്ടു. 2021 ജൂണിൽ ഉണ്ടായ അതിഭീകരമായ കാട്ടുതീയിൽ ലിറ്റൺ ഗ്രാമം പൂർണ്ണമായും കത്തിനശിക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ ദുരന്തത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രദേശവാസികൾ വീണ്ടും ഇങ്ങനെയൊരു സാഹചര്യത്തെ നേരിടുന്നത്. മുൻകാല അനുഭവങ്ങൾ ഉള്ളതിനാൽ കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് തങ്ങൾ ഇതിനെ നേരിടുന്നതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, വീണ്ടും ഇങ്ങനെയൊരു സാഹചര്യം ഉണ്ടായത് ജനങ്ങളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Lytton, B.C., under evacuation orders years after devastating blaze









