ഹാലിഫാക്സ്: ഹാലിഫാക്സ് സ്വദേശിനിയായ ജോടിൻ ബേക്കർ സ്ക്രാച്ച് ആൻഡ് വിൻ ലോട്ടറിയിലൂടെ സ്വന്തമാക്കിയത് 20 ലക്ഷം ഡോളറിന്റെ (2 മില്യൺ) വമ്പൻ സമ്മാനം. കഴിഞ്ഞ രണ്ട് മാസത്തിനിടെ അറ്റ്ലാന്റിക് കാനഡയിൽ നിന്ന് ഇത്രയും വലിയ സമ്മാനം നേടുന്ന രണ്ടാമത്തെ വ്യക്തിയാണ് ബേക്കർ. ബെഡ്‌ഫോർഡിൽ നിന്ന് വാങ്ങിയ “Scratch’N Win” ടിക്കറ്റിലൂടെയാണ് ജോടിന് ഈ ഭാഗ്യം കൈവന്നത്. ടിക്കറ്റ് ചുരണ്ടി പരിശോധിക്കുന്നതിനിടെ വിജയനമ്പറുകളിലൊന്ന് ടിക്കറ്റിലെ നമ്പറുമായി പൊരുത്തപ്പെടുകയും അതിന് സമീപം ഒരു ലക്ഷം ഡോളറിന്റെ സമ്മാനത്തുക കാണുകയും ചെയ്തതായി അറ്റ്ലാന്റിക് ലോട്ടറി കോർപ്പറേഷൻ അറിയിച്ചിരുന്നു.
എന്നാൽ അതിനൊപ്പം രേഖപ്പെടുത്തിയിരുന്ന “20X” എന്ന അടയാളത്തിന്റെ അർഥം മനസ്സിലാകാതെ ആശയക്കുഴപ്പത്തിലായ ജോടിൻ, തന്റെ പങ്കാളിയായ മാർക്കിനെ വിളിച്ച് ടിക്കറ്റ് വീണ്ടും പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് സമ്മാനത്തുക യഥാർത്ഥത്തിൽ 20 ലക്ഷം ഡോളറാണെന്ന് ഇരുവരും തിരിച്ചറിഞ്ഞത്. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലബ്രഡോർ സ്വദേശിനിയായ ജോടിൻ, താനാണ് വലിയ സമ്മാനം നേടുന്ന രണ്ടാമത്തെ ന്യൂഫൗണ്ട്ലാൻഡുകാരിയെന്നും പറയുന്നു. മേയിൽ ന്യൂഫൗണ്ട്ലാൻഡിലെ പാരഡൈസ് സ്വദേശികളായ പെറി, ഇവോൺ നോസ്‌വർത്ത് ദമ്പതികളും ഇതേ തുകയായ 20 ലക്ഷം ഡോളർ സമ്മാനമായി നേടിയിരുന്നു.
നറുക്കെടുപ്പ് തുക ലഭിച്ച ഉടൻ മനസ്സിൽ തോന്നിയത് സ്വന്തം നാട്ടിലേക്ക് മടങ്ങി കുടുംബത്തോടൊപ്പം ആഘോഷിക്കണമെന്ന ആഗ്രഹമായിരുന്നുവെന്ന് ജോടിൻ പറയുന്നു. ധനകാര്യ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന അവർ നിലവിൽ ജോലി തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ നേരത്തെ വിരമിക്കാൻ ഈ സമ്മാനം വഴിയൊരുക്കിയേക്കാമെന്നും അവർ പറയുന്നുണ്ട്.
വീട്ടുവായ്പ പൂർണമായി തീർക്കാനും മക്കളെ സാമ്പത്തികമായി സഹായിക്കാനും കുടുംബത്തോടൊപ്പം ഒരു യാത്ര പോകാനുമാണ് സമ്മാനത്തുക വിനിയോഗിക്കാൻ പദ്ധതിയെന്ന് ജോടിൻ വ്യക്തമാക്കി. ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്ന് നിരവധി സാധ്യതകളുള്ള ജീവിതത്തിലേക്കുള്ള ഒരു മാറ്റമാണിതെന്നും, ഈ സമ്മാനം തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.
Luck strikes with a scratch ticket; Halifax woman wins massive $2 million prize.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





