ഓട്ടവ: സ്മാർട്ട്‌ഫോണുകൾ, പവർ ബാങ്കുകൾ, ഇ-ബൈക്കുകൾ തുടങ്ങിയ ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികൾ കേടാകുന്നത് തീപിടുത്തത്തിന് കാരണമാകാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. വാട്ടർലൂ സർവകലാശാലയിലെ ഫയർ സേഫ്റ്റി എഞ്ചിനീയറിംഗ് അസിസ്റ്റന്റ് പ്രൊഫസർ വിന്നി ഗുപ്തയുടെ അഭിപ്രായത്തിൽ, ലക്ഷക്കണക്കിന് ബാറ്ററികൾ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും ചില ഘടകങ്ങൾ അവയുടെ തകരാറിനും അപകടത്തിനും കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
തെറ്റായ ചാർജറുകൾ ഉപയോഗിക്കുന്നത്, അമിതമായി ചാർജ് ചെയ്യുന്നത്, ഉപകരണങ്ങൾ താഴെ വീണ് ഏൽക്കുന്ന പൊട്ടലുകൾ എന്നിവ ബാറ്ററികൾ കേടാകാൻ പ്രധാന കാരണമാകുന്നു. വ്യത്യസ്ത വോൾട്ടേജുകൾക്കായി രൂപകൽപ്പന ചെയ്ത ചാർജറുകൾ മാറ്റി ഉപയോഗിക്കുമ്പോൾ ബാറ്ററികൾ ചൂടാകുകയും പിന്നീട് അത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിതെളിക്കുകയും ചെയ്യുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
ബാറ്ററി തകരാറിലാകുന്നതിന്റെ ആദ്യ സൂചനയായി ചാർജ് ചെയ്യുമ്പോൾ തൊട്ടാൽ അമിതമായി ചൂട് അനുഭവപ്പെടുന്നത് കാണാം. പ്ലഗ് ഊരിവെച്ചതിനു ശേഷവും ചൂട് നിലനിൽക്കുക, ബാറ്ററികളിൽ വീക്കം സംഭവിക്കുക, ദുർഗന്ധം ഉണ്ടാവുക എന്നിവയും പ്രധാന ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ കണാണെങ്കിൽ ഉപയോക്താക്കൾ ഉടൻ തന്നെ ജാഗ്രത പാലിക്കേണ്ടതാണ്.
നല്ല സർട്ടിഫിക്കേഷനുകളുള്ള ബാറ്ററികളും അവയ്ക്കുള്ള ഒറിജിനൽ ചാർജറുകളും മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കട്ടിലിലോ കിടക്കയിലോ വെച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ, ബാറ്ററികൾ അമിതമായി ചൂടാകുന്നുണ്ടോ എന്ന് മുൻകൂട്ടി അറിയാൻ സഹായിക്കുന്ന ചൂട് അളക്കുന്ന സ്റ്റിക്കറുകളോ ചെറിയ ഹീറ്റ് അലാറങ്ങളോ ഉപയോഗിക്കുന്നത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
Also Read: ചൂടോ തണുപ്പോ? കാനഡയിൽ നവംബറിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ
ചാർജ് ചെയ്യുമ്പോൾ ബാറ്ററി അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്ലഗ് ഊരി മാറ്റണം. അതിനുശേഷം ആ ഉപകരണം വീടിന് പുറത്തേക്കോ മണൽ നിറച്ച ബക്കറ്റിലേക്കോ പോലെയുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി വെക്കുക. ബാറ്ററി തണുത്താലും അത് വീണ്ടും ചാർജ് ചെയ്യാൻ ശ്രമിക്കരുത്. ഇനി ബാറ്ററിയിൽ നിന്ന് പുകയോ ദുർഗന്ധമോ വരുന്നുണ്ടെങ്കിൽ ഒട്ടും വൈകാതെ ഫയർഫോഴ്സിനെ വിളിച്ച് സഹായം തേടേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





