മസാച്യുസെറ്റ്സ്: മൂന്ന് മക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലിൻഡ്സി ക്ലാൻസിക്കെതിരായ കുറ്റങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം. നേരത്തെയുള്ള വിചാരണയിൽ ജൂറികൾക്കിടയിൽ അഭിപ്രായ ഐക്യമുണ്ടാകാത്തതിനെ തുടർന്ന് കേസ് മിസ്ട്രിയലിൽ അവസാനിച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും വിചാരണ നടത്താനുള്ള നീക്കത്തെയാണ് പ്രതിഭാഗം ചോദ്യം ചെയ്യുന്നത്.
11 ജൂറികൾ ലിൻഡ്സി കുറ്റക്കാരിയാണെന്ന് നിലപാടെടുത്തപ്പോൾ ഒരാൾ എതിർത്തതോടെയാണ് ഏകകണ്ഠമായ തീരുമാനത്തിലെത്താൻ കഴിയാതിരുന്നത്. തുടർന്ന് സെപ്റ്റംബറിൽ കോടതി മിസ്ട്രിയൽ പ്രഖ്യാപിക്കുകയായിരുന്നു.
ഒരേ കുറ്റത്തിന് ഒരാളെ ഒന്നിലധികം തവണ വിചാരണ ചെയ്യുന്നത് തടയുന്ന ഡബിൾ ജിയോപാർഡി നിയമം ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ഈ നിയമപ്രകാരം ലിൻഡ്സിക്കെതിരെ വീണ്ടും വിചാരണ നടത്താനാകില്ലെന്നും കേസിലെ കുറ്റങ്ങൾ ഒഴിവാക്കണമെന്നുമാണ് അഭിഭാഷകരുടെ ആവശ്യം. എന്നാൽ പ്രോസിക്യൂഷൻ ഈ വാദത്തെ എതിർക്കുന്നുണ്ട്.
പ്രസവാനന്തര മാനസിക പ്രശ്നമായ പോസ്റ്റ്പാർട്ടം സൈക്കോസിസ് കാരണമാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള വിചാരണയിൽ പ്രതിഭാഗം വാദിച്ചത്. അതേസമയം, വിചാരണയ്ക്കിടെ തർക്കത്തിന് കാരണമായ ജൂറി അംഗത്തെ ചോദ്യം ചെയ്യണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും ജഡ്ജി അനുവദിച്ചിരുന്നില്ല.
കേസിൽ വീണ്ടും വിചാരണ നടത്തണമോ അതോ കുറ്റങ്ങൾ ഒഴിവാക്കി നടപടികൾ അവസാനിപ്പിക്കണമോ എന്ന കാര്യത്തിൽ കോടതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





