കാനഡയുടെ അതിർത്തി സുരക്ഷ ശക്തമാക്കുകയും രാജ്യാന്തര കുറ്റകൃത്യങ്ങൾക്കും മയക്കുമരുന്ന് ഒഴുക്കുകൾക്കുമെതിരായ നടപടികൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി ഫെഡറൽ സർക്കാർ പുതിയ നിയമനിർമ്മാണം ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ചു. പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി ചൊവ്വാഴ്ച ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിച്ച പുതിയ ബില്ലിൽ, ഉദ്യോഗസ്ഥർക്ക് ഇമിഗ്രേഷൻ അപേക്ഷകൾ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള അധികാരവും മെയിൽ പരിശോധിക്കാനുള്ള അധികാരവും നൽകുന്ന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിൽ വഴി കനേഡിയൻ കോസ്റ്റ് ഗാർഡിന്റെ പങ്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി സുരക്ഷാ പ്രവർത്തനങ്ങളിലും നിയമ അനുബന്ധ ചുമതലകളിലും അവർക്ക് കൂടുതൽ അധികാരങ്ങൾ ലഭിക്കും. അതിർത്തികൾ സുരക്ഷിതമായി നിലനിർത്തുക, ഫെന്റനൈൽ പോലുള്ള മാരക മയക്കുമരുന്നുകളുടെ ഒഴുക്ക് തടയുക, കള്ളപ്പണം വെളുപ്പിക്കൽ നിയന്ത്രിക്കുക തുടങ്ങിയവയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
“കാനഡ സുരക്ഷിതമായിരിക്കണമെങ്കിൽ ശരിക്കും ഈ നിയമം ശക്തമാകണം,” എന്ന് ആനന്ദസംഗരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഈ നിയമം അതിനുള്ള പ്രധാന ഘടകമാണെന്നും, അതുകൊണ്ടാണ് എല്ലാ കക്ഷികളും അതിനെ പിന്തുണക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നതെന്നും അവർ പറഞ്ഞു.”
ഈ നിയമനിർമ്മാണം, കാനഡയുടെ അതിർത്തികളിലെ സുരക്ഷയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്കൊരു മറുപടിയായും കണക്കാക്കപ്പെടുന്നു. ഫെന്റനൈലിന്റെയും, അനധികൃത കുടിയേറ്റത്തിന്റെയും പ്രശ്നങ്ങൾ യുഎസ്-കാനഡ അതിർത്തിയിൽ ഉയർന്നിരുന്നപ്പോൾ, ഈ വിഷയങ്ങൾ കൊണ്ട് കനേഡിയൻ ഇറക്കുമതികൾക്ക് തീരുവ ചുമത്താൻ ട്രംപ് ഉപയോഗിച്ചതായി ആനന്ദസംഗരി ഓർമ്മിപ്പിച്ചു. ഇത്തരമൊരു സാഹചര്യം മറികടക്കാൻ കാനഡയും യുഎസും തമ്മിലുള്ള സഹകരണം ഇനി ഭാവിയിലും നിർണ്ണായകമാണെന്നും അദ്ദേഹം പറഞ്ഞു.



