ചെന്നൈ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയ തീരുമാനം തന്റെ കരിയറിലെ വലിയൊരു റിസ്കായിരുന്നുവെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കുടുംബവുമായി ചർച്ച ചെയ്ത് ഈ തീരുമാനമെടുത്തതെന്നും, തുടക്കത്തിലെ ഫോമില്ലായ്മയിൽ എം.എസ്. ധോണി നൽകിയ ഉപദേശമാണ് തനിക്ക് വഴിത്തിരിവായതെന്നും സഞ്ജു വ്യക്തമാക്കി. ജിയോ സ്റ്റാറിന്റെ ‘സൂപ്പർസ്റ്റാർസ്’ എന്ന പരിപാടിയിൽ സംസാരിക്കവേയാണ് താരം തന്റെ അനുഭവങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞ സീസണിലെ വലിയ താര കൈമാറ്റത്തിലൂടെ 18 കോടി രൂപയ്ക്കാണ് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്സിലെത്തിയത്. പകരം രവീന്ദ്ര ജഡേജയെയും സാം കുറനെയുമാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. ചെന്നൈയിലെത്തിയ ശേഷമുള്ള ആദ്യ മൂന്ന് മത്സരങ്ങളിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ സഞ്ജുവിന് കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിലാണ് ‘സ്വന്തം ശൈലിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ’ ധോണി ഉപദേശിച്ചതെന്നും, ആ വാക്കുകൾ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും സഞ്ജു പറഞ്ഞു.
ധോണിയുടെ പിന്തുണയ്ക്ക് പിന്നാലെ ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ പുറത്താകാതെ 115 റൺസ് നേടി സഞ്ജു തകർപ്പൻ തിരിച്ചുവരവ് നടത്തി. തുടർന്നുള്ള മത്സരങ്ങളിലും മികച്ച ഫോം തുടർന്ന താരം, ആ സീസണിൽ ചെന്നൈയ്ക്കായി 14 ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 477 റൺസ് സ്വന്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Leaving Rajasthan was a huge risk; Dhoni gave me confidence' – Sanju Samson opens up.






