ഒട്ടാവ: കാനഡയുടെ ഇമിഗ്രേഷൻ വിഭാഗമായ ഐ.ആർ.സി.സി (IRCC) 2026 ഏപ്രിലിലെ ഏറ്റവും പുതിയ പ്രോസസ്സിംഗ് ടൈം വിവരങ്ങൾ പുറത്തുവിട്ടു. പുതിയ കണക്കുകൾ പ്രകാരം പൗരത്വ അപേക്ഷകൾ അതിവേഗം പൂർത്തിയാകുന്നത് ആശ്വാസകരമാണെങ്കിലും ഫാമിലി സ്പോൺസർഷിപ്പ് ഉൾപ്പെടെയുള്ള ചില വിഭാഗങ്ങളിൽ കാത്തിരിപ്പ് കാലാവധി വൻതോതിൽ വർദ്ധിച്ചിരിക്കുകയാണ്.

2025-ന് ശേഷമുള്ള ഏറ്റവും വേഗത്തിലുള്ള പ്രോസസ്സിംഗ് ആണ് സിറ്റിസൺഷിപ്പ് വിഭാഗത്തിൽ ഇപ്പോൾ നടക്കുന്നത്. നിലവിൽ 12 മാസത്തിനുള്ളിൽ പൗരത്വ അപേക്ഷകളിൽ തീരുമാനമുണ്ടാകുന്നുണ്ട്. ഇന്ത്യൻ അപേക്ഷകർക്ക് വലിയ ആശ്വാസമായി വിസിറ്റർ വിസാ നടപടികൾ വെറും 25 ദിവസമായി കുറഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരിയിൽ ഇത് 78 ദിവസമായിരുന്നു. എന്നാൽ ക്യുബെക്കിലെ മാതാപിതാക്കളുടെയും ഗ്രാന്റ് പേരന്റ്സിന്റെയും സ്പോൺസർഷിപ്പ് അപേക്ഷകളുടെ കാലാവധി ഒറ്റയടിക്ക് 21 മാസം വർദ്ധിച്ച് 67 മാസമായി ഉയർന്നത് അപേക്ഷകർക്ക് വലിയ തിരിച്ചടിയായി. പുതിയ പി.ആർ കാർഡുകൾ ലഭിക്കാനുള്ള സമയം 46 ദിവസമായി കുറഞ്ഞിട്ടുണ്ട്.
ഫെഡറൽ സ്കിൽഡ് വർക്കർ വിഭാഗത്തിൽ പ്രോസസ്സിംഗ് സമയം 6 മാസമായി കുറഞ്ഞപ്പോൾ അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം 40 മാസമായി വർദ്ധിച്ചു. കാനഡയ്ക്കകത്ത് ഇരുന്നു വിസിറ്റർ വിസ നീട്ടാൻ അപേക്ഷിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. കാരണം വിസിറ്റർ റെക്കോർഡ് എക്സ്റ്റൻഷൻ നടപടികൾ ഇപ്പോൾ 315 ദിവസത്തോളം എടുക്കുന്നുണ്ട്. സ്റ്റഡി പെർമിറ്റ് അപേക്ഷകൾക്ക് ഇന്ത്യയിൽ നിന്ന് മൂന്നാഴ്ചത്തെ സമയമാണ് കണക്കാക്കുന്നത്. വർക്ക് പെർമിറ്റ് നടപടികൾ ഒൻപത് ആഴ്ചയായി തുടരുന്നു.
അപേക്ഷകരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായ സി.ഇ.സി വിഭാഗത്തിൽ നിലവിൽ 7 മാസമാണ് സമയമെങ്കിലും വരും മാസങ്ങളിൽ ഇത് ഉയരാൻ സാധ്യതയുണ്ട്. പാസ്‌പോർട്ട് സേവനങ്ങൾ ഇപ്പോഴും 10 പ്രവൃത്തി ദിവസത്തിനുള്ളിൽ പൂർത്തിയാകുന്നു എന്നത് ആശ്വാസകരമാണ്. അപേക്ഷകർ തങ്ങളുടെ ഡോക്യുമെന്റുകൾ കൃത്യമായി സമർപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തണമെന്നും ഓരോ വ്യക്തിയുടെയും പശ്ചാത്തലം അനുസരിച്ച് ഈ സമയക്രമത്തിൽ മാറ്റങ്ങൾ വരാമെന്നും ഐ.ആർ.സി.സി അറിയിച്ചു.
Latest IRCC Processing Times As Of April 2026
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



