കുവൈത്ത് സിറ്റി: രണ്ട് ഇറ്റാലിയൻ സാങ്കേതിക വിദഗ്ധർ കൊല്ലപ്പെട്ട കുവൈത്ത് ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തം തള്ളി ഇറാൻ രംഗത്തെത്തി. ആക്രമണത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തിൽ സംയുക്ത അന്വേഷണത്തിന് തയ്യാറാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. എന്നാൽ, ഇറാനിൽ നിന്നുള്ള ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുവൈത്തും ഇറ്റലിയും.
കുവൈത്തിലെ സുപ്രധാന സൈനിക കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിലാണ് ജർമൻ പ്രതിരോധ കമ്പനിയായ റൈൻമെറ്റലിന്റെ സാങ്കേതിക വിദഗ്ധരായ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെട്ടത്. വിഷയത്തിൽ അബ്ബാസ് അരാഗ്ചി കുവൈത്ത്, ഇറ്റാലിയൻ വിദേശകാര്യ മന്ത്രിമാരുമായി ആശയവിനിമയം നടത്തി. മുൻകൂട്ടി തയ്യാറാക്കിയ യുദ്ധനീക്കമാണിതെന്നും ആക്രമണം സംശയാസ്പദമാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, സൗദി അറേബ്യയിലെ എണ്ണ ശാലകൾക്ക് നേരെ ഹൂത്തികളുടെ വ്യോമാക്രമണം തുടരുകയാണ്. ജിസാനിലെ സൗദി അരാംകോ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നേപ്പാൾ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീപിടിത്തത്തെ തുടർന്ന് റിഫൈനറിയുടെ ചില ഭാഗങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
READ MORE: നിങ്ങളുടെ കസിൻ കനേഡിയൻ പൗരനാണെങ്കിൽ നിങ്ങൾക്കും പൗരത്വം ലഭിക്കുമോ? പുതിയ നിയമത്തിലെ സാധ്യതകൾ അറിയാം
ജിസാൻ ആക്രമണത്തിന് പിന്നിൽ ഹൂത്തികളാണെന്ന് ആരോപിച്ച സൗദി സഖ്യസേന, യെമനിലെ ഹുദൈദയിൽ ഹൂത്തികൾ ഉപയോഗിച്ചിരുന്ന മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തതായി അറിയിച്ചു. സൗദിയുടെ ഏറ്റവും വലിയ റാസ് തനൂറ എണ്ണ റിഫൈനറിയെയും ജിദ്ദ, ജിസാൻ തുറമുഖങ്ങളെയും ഹൂത്തികൾ ലക്ഷ്യമിട്ടിരുന്നു. കൂടാതെ, റിയാദിലെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആസ്ഥാനത്തുള്ള കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





