ടൊറന്റോ: കിംഗ് സ്ട്രീറ്റ് വെസ്റ്റിൽ വൻ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടിടിസി സ്ട്രീറ്റ്‌കാർ സർവീസിൽ 10 മാസത്തേക്ക് മാറ്റം. നവംബർ മുതൽ അടുത്ത ഓഗസ്റ്റ് വരെ നാല് മേഖലകളിലാണ് സ്ട്രീറ്റ്‌കാർ ട്രാക്കുകളും ജലവിതരണ പൈപ്പുകളും മാറ്റിസ്ഥാപിക്കുന്നത്. സ്പാഡിന അവന്യൂവിന് പടിഞ്ഞാറുള്ള കിംഗ് സ്ട്രീറ്റ് വെസ്റ്റിലാണ് പ്രധാനമായും നിർമാണം നടക്കുക. രണ്ടുവർഷത്തിനിടെ ഇതേ മേഖലയിലെ ഗതാഗത സർവീസിനെ ബാധിക്കുന്ന രണ്ടാമത്തെ നിർമാണ പ്രവർത്തനമാണിത്. നവംബർ 1 ഞായറാഴ്ച മുതൽ 504/304 കിംഗ് സ്ട്രീറ്റ്‌കാർ സർവീസുകൾ ബ്രോഡ്യു സ്റ്റേഷനിൽ നിന്ന് ഡണ്ടാസ് വെസ്റ്റ് സ്റ്റേഷൻ വരെ ഒരൊറ്റ സർവീസായി ചുരുക്കും. സ്പാഡിന അവന്യൂവിന് പടിഞ്ഞാറുള്ള സർവീസ് ക്വീൻ സ്ട്രീറ്റ് വെസ്റ്റ് വഴി റൊൺസസ്വാലസ് അവന്യൂവിലേക്ക് തിരിച്ചുവിടും.
ഡഫറിൻ അവന്യൂ മുതൽ ക്ലോസ് അവന്യൂ വരെയുള്ള ഭാഗത്ത് നവംബർ 2026 മുതൽ ഓഗസ്റ്റ് 2027 വരെയും പോർട്ട്‌ലാൻഡ് സ്ട്രീറ്റ് മുതൽ സ്പാഡിന അവന്യൂ വരെ ഇതേ കാലയളവിലും നിർമാണം നടക്കും. ഷോ സ്ട്രീറ്റ് മുതൽ ബാതർസ്റ്റ് സ്ട്രീറ്റ് വരെയുള്ള ഭാഗത്ത് 2027 മാർച്ച് മുതൽ വർഷാവസാനം വരെയും കിംഗ് സ്ട്രീറ്റ് വെസ്റ്റ്–യോർക്ക് സ്ട്രീറ്റ് കവലയിൽ 2027 ജൂൺ മുതൽ ഓഗസ്റ്റ് വരെയുമാണ് പണി. റൊൺസസ്വാലസ് അവന്യൂവിലെ സണ്ണിസൈഡ് ലൂപ്പിൽ നിന്ന് ഫ്രണ്ട് സ്ട്രീറ്റ് ഈസ്റ്റിലെയും ചെറി സ്ട്രീറ്റിലെയും ഡിസ്റ്റിലറി ഡിസ്ട്രിക്റ്റ് വരെ 504C/304C പകരം ബസുകൾ സർവീസ് നടത്തും.
503 കിംഗ്സ്റ്റൺ റോഡ് ബസുകൾ ഡഫറിൻ ഗേറ്റ് ലൂപ്പിലേക്ക് നീട്ടും. നിർമാണം പൂർത്തിയാകുന്നതുവരെ 508 ലേക്ക് ഷോർ സ്ട്രീറ്റ്‌കാർ സർവീസ് പൂർണമായും നിർത്തിവയ്ക്കും. ട്രാക്കിന് ഏകദേശം 15 വർഷത്തെ ആയുസ്സ് പൂർത്തിയായതിനാലാണ് അറ്റകുറ്റപ്പണി അനിവാര്യമെന്ന് ടിടിസി വക്താവ് സ്റ്റുവർട്ട് ഗ്രീൻ പറഞ്ഞു. ജലവിതരണ പൈപ്പ് മാറ്റുന്ന നഗരത്തിന്റെ പ്രവർത്തനങ്ങളോടൊപ്പം ട്രാക്ക് നിർമാണവും നടത്തുന്നത് യാത്രക്കാരുടെ ബുദ്ധിമുട്ട് കുറയ്ക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ നിർമാണം വരുന്നതിൽ യാത്രക്കാർ ഇതിനകം അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. ന്യൂയോർക്കിൽ നിന്ന് ടൊറന്റോയിലേക്ക് തിരിച്ചെത്തിയ യിവോൺ മകിന്നിസ്, ടിടിസി സംവിധാനം തനിക്ക് 1945ലെ കാലത്തെ ഓർമിപ്പിക്കുന്നതാണെന്നും പ്രദേശത്തെ നിരന്തരമായ ഗതാഗത തടസ്സങ്ങൾ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പറഞ്ഞു.
കിംഗ് സ്ട്രീറ്റ്‌കാർ എത്താൻ ഏറെ സമയമെടുക്കുന്നതിനാൽ നടക്കുന്നതാണ് വേഗമെന്ന് താമസക്കാരിയായ സേജ് പാറ്റേഴ്സണും പ്രതികരിച്ചു. അതേസമയം, ടൊറന്റോ സർവകലാശാലയിലെ ഇൻഫ്രാസ്ട്രക്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഭൂമിശാസ്ത്ര-പ്ലാനിങ് പ്രൊഫസറുമായ മാറ്റി സിമിയാറ്റിക്കി നിർമാണം “ബുദ്ധിമുട്ടുണ്ടാക്കുന്നതും അതേസമയം വളരെ പ്രധാനപ്പെട്ടതുമാണ്” എന്ന് വിലയിരുത്തി. ഗതാഗത സംവിധാനത്തിന്റെ വേഗതയും വിശ്വാസ്യതയും മെച്ചപ്പെടുത്താനും ഭാവിയിലെ അടിയന്തര തകരാറുകൾ ഒഴിവാക്കാനും ഇത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിർമാണം മൂലമുള്ള ഗതാഗതക്കുരുക്ക് സമീപ റോഡുകളിലേക്കും വ്യാപിക്കുമെന്നും, പദ്ധതികൾ കാര്യക്ഷമമായും വേഗത്തിലും പൂർത്തിയാക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








