മെക്സിക്കോ സിറ്റി: ഫോർമുല വൺ ലോകകിരീടം നേടി മെഴ്സിഡീസ് താരം കിമി ആന്റൊണെല്ലി. മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതോടെയാണ് സീസണിൽ നാല് മത്സരങ്ങൾ ശേഷിക്കെ ഇറ്റാലിയൻ താരം കിരീടം ഉറപ്പിച്ചത്. ഇതോടെ ഫോർമുല വൺ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനെന്ന റെക്കോർഡും ആന്റൊണെല്ലി സ്വന്തമാക്കി.
2010ൽ 23 വർഷവും 134 ദിവസവും പ്രായത്തിൽ ലോകകിരീടം നേടിയ സെബാസ്റ്റ്യൻ വെറ്റലിന്റെ റെക്കോർഡാണ് താരം മറികടന്നത്. 1953ൽ ആൽബർട്ടോ അസ്കാരി കിരീടം നേടിയ ശേഷം ലോകചാമ്പ്യനാകുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറെന്ന നേട്ടവും ആന്റൊണെല്ലിക്ക് സ്വന്തമായി. 2025ൽ മെഴ്സിഡീസിലൂടെ എഫ്1 അരങ്ങേറ്റം കുറിച്ച താരം രണ്ടാം സീസണിലാണ് കിരീടം നേടിയത്. ഈ സീസണിൽ ഒൻപത് റേസുകളിൽ ആന്റൊണെല്ലി വിജയിച്ചു.
മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പനാണ് ഒന്നാമതെത്തിയത്. ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടൺ രണ്ടാം സ്ഥാനത്തെത്തി. ആന്റൊണെല്ലി മൂന്നാമതും ചാൾസ് ലെക്ലെയർ നാലാമതും ഫിനിഷ് ചെയ്തു.
ALSO READ: ഇന്ത്യൻ ബാങ്ക് കനേഡിയൻ കമ്പനി ഏറ്റെടുക്കുന്നതിൽ പ്രതിഷേധം; ജീവനക്കാർ പണിമുടക്കിലേക്ക്
മത്സരത്തിന് മുമ്പ് തന്നെ കിരീടം നേടാൻ അനുകൂലമായ സാഹചര്യത്തിലായിരുന്നു ആന്റൊണെല്ലി. ആദ്യ ഒൻപത് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ കിരീടം ഉറപ്പിക്കാമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ നാലാം സ്ഥാനത്തായിരുന്ന താരം, മുൻനിര താരങ്ങൾ പിറ്റ് സ്റ്റോപ്പിനായി കയറിയതോടെ മുന്നിലെത്തി. സേഫ്റ്റി കാർ എത്തുന്നതിന് തൊട്ടുമുമ്പ് ടയറുകൾ മാറ്റുകയും ചെയ്തു.
45-ാം ലാപ്പിൽ വാൽട്ടേരി ബോട്ടാസിന്റെ കാഡിലാക് കാർ അപകടത്തിൽപ്പെട്ടതോടെ സേഫ്റ്റി കാർ വിന്യസിച്ചു. തുടർന്ന് റെഡ് ഫ്ലാഗ് ഉയർത്തി മത്സരം താൽക്കാലികമായി നിർത്തിവച്ചു. മത്സരം പുനരാരംഭിച്ചപ്പോൾ വെസ്റ്റാപ്പനും ഹാമിൽട്ടണും ഒന്നാം സ്ഥാനത്തിനായി പോരാട്ടം തുടർന്നു. ഇതിനിടെ ലെക്ലെയറിനെ മറികടന്ന് ആന്റൊണെല്ലി മൂന്നാം സ്ഥാനത്തെത്തി.
റേസ് അവസാനിക്കാൻ 12 ലാപ്പുകൾ ശേഷിക്കെ ഓസ്കാർ പിയാസ്ട്രിയുമായി കൂട്ടിയിടിച്ച് ആർവിഡ് ലിൻഡ്ബ്ലാഡിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇതോടെ വീണ്ടും സേഫ്റ്റി കാർ എത്തി. അവസാന ഏഴ് ലാപ്പുകളിൽ മത്സരം പുനരാരംഭിച്ചപ്പോൾ വെസ്റ്റാപ്പനും ഹാമിൽട്ടണും ആന്റൊണെല്ലിയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ഇതോടെയാണ് ആന്റൊണെല്ലി ലോകകിരീടം ഉറപ്പിച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





