ഓട്ടവ: കാനഡയിൽ 48,000-ത്തിലധികം എസ്.യു.വികൾ തിരിച്ചുവിളിച്ച് കിയ. ഡ്രൈവർ സീറ്റിനടിയിലുള്ള കൺട്രോൾ യൂണിറ്റിലെ സാങ്കേതിക തകരാർ കാരണം തീപിടിത്തത്തിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ട്രാൻസ്പോർട്ട് കാനഡയുടെ മുന്നറിയിപ്പ്. 2024, 2025, 2026 മോഡലുകളിലെ ആകെ 48,070 കിയ സെൽത്തോസ് (Kia Seltos) ഓൾ-വീൽ ഡ്രൈവ് വാഹനങ്ങളെയാണ് ഈ നടപടി ബാധിക്കുന്നത്.
ഡ്രൈവർ സീറ്റിനടിയിൽ സ്ഥിതി ചെയ്യുന്ന 4WD കൺട്രോൾ യൂണിറ്റിലേക്ക് ഈർപ്പവും ഉപ്പുവെള്ളവും കയറാൻ സാധ്യതയുണ്ടെന്നും ഇത് കാലക്രമേണ തുരുമ്പെടുക്കുന്നതിനും ഷോർട്ട് സർക്യൂട്ടിനും കാരണമാകുമെന്നും കമ്പനി അറിയിച്ചു. വാഹനം പാർക്ക് ചെയ്ത് എഞ്ചിൻ ഓഫ് ചെയ്തു വച്ചിരിക്കുമ്പോൾ പോലും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ, തകരാർ പരിഹരിക്കുന്നത് വരെ വാഹനങ്ങൾ കെട്ടിടങ്ങൾക്കോ മറ്റ് വാഹനങ്ങൾക്കോ സമീപത്തല്ലാതെ തുറസ്സായ സ്ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ഉടമകളോട് നിർദ്ദേശിച്ചിട്ടുണ്ട്. കത്തുകൾ വഴി ഉടമകളെ വിവരമറിയിക്കുന്ന കിയ, വാഹനങ്ങൾ ഡീലർഷിപ്പിലെത്തിച്ച് പരിശോധന നടത്തുകയും ആവശ്യമാണെങ്കിൽ ഭാഗങ്ങൾ മാറ്റിനൽകി കൺട്രോൾ യൂണിറ്റിന് മുകളിൽ ഒരു പ്രൊട്ടക്റ്റീവ് കവർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും.
Also Read: കാനഡ വർക്കേഴ്‌സ് ബെനിഫിറ്റ് വിതരണം ഒക്ടോബർ 9-ന്: തുകയും മറ്റ് വിവരങ്ങളും അറിയാം
കഴിഞ്ഞ ജൂലൈ മാസത്തിലും സമാനമായ രീതിയിൽ പവർ സീറ്റ് മോട്ടോറുകളിലെ തകരാർ മൂലം 20,000-ത്തിലധികം ടെല്ലുറൈഡ് (Telluride) വാഹനങ്ങൾ കിയ കാനഡയിൽ തിരിച്ചുവിളിച്ചിരുന്നു. അമേരിക്കയിൽ ഇതേ തകരാറിനെ തുടർന്ന് 4.63 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുകയും സീറ്റ് മോട്ടോറുകൾ ഉരുകിയതും തീപിടിച്ചതുമായ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





