ഒട്ടാവ: ഖലിസ്ഥാൻ ആവശ്യപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് കനേഡിയൻ സിഖ് പ്രവർത്തകരുടെ ജീവന് ഭീഷണിയുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) മുന്നറിയിപ്പ് നൽകി. ഒന്റാരിയോയിലെ കാൽഡണിലുള്ള ഇന്ദർജീത് സിങ് ഗോസലിനും ബ്രിട്ടിഷ് കൊളംബിയയിലെ അബോട്ട്സ്ഫോർഡിലുള്ള മൻജീന്ദർ സിങ്ങിനുമാണ് ‘ഡ്യൂട്ടി ടു വാർൺ’ നോട്ടീസ് ലഭിച്ചത്. എന്നാൽ ഭീഷണിയുടെ ഉറവിടമോ മറ്റ് വിശദാംശങ്ങളോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നേരിട്ട് ഭീഷണിയില്ലെങ്കിലും ആക്രമണശ്രമത്തിനിടെ അവർക്ക് അപകടമുണ്ടാകാമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
ഇന്ത്യയിൽ സ്വതന്ത്ര സിഖ് രാഷ്ട്രമായ ഖലിസ്ഥാൻ വേണമോ എന്ന് അറിയുന്നതിനായി വിവിധ രാജ്യങ്ങളിലെ സിഖ് സമൂഹങ്ങളിൽ നടത്തുന്ന റഫറണ്ടങ്ങളുടെ കനേഡിയൻ കോഓർഡിനേറ്ററാണ് ഗോസൽ. ഒക്ടോബറിൽ എഡ്മണ്ടണിൽ നടക്കാനിരിക്കുന്ന അടുത്ത റഫറണ്ടം ഭീഷണികളെ തുടർന്ന് മാറ്റിവയ്ക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രസ്ഥാനം സമാധാനപരമാണെന്നും അക്രമത്തെ പിന്തുണയ്ക്കുന്നില്ലെന്നും ഗോസൽ പറഞ്ഞു. സുരക്ഷയ്ക്കായി പൊലീസ് പലതവണ വാഗ്ദാനം ചെയ്ത സാക്ഷി സംരക്ഷണവും അദ്ദേഹം നിരസിച്ചിട്ടുണ്ട്.
READ MORE ; ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം; ബാഗ്‌പൈപ്പ് കൊണ്ട് കാറടിച്ച് തകർത്തതായി പരാതി
അതേസമയം, തനിക്കെതിരായ ഭീഷണിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകണമെന്ന് ഗോസൽ പൊലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2023 ജൂണിൽ ബി.സി. സറെയിൽ സിഖ് പ്രവർത്തകൻ ഹർദീപ് സിങ് നിജ്ജർ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കനേഡിയൻ സിഖ് പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക ശക്തമായത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യ ആസ്ഥാനമായുള്ള സംഘടിത കുറ്റകൃത്യ സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു. കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജന്റുമാർക്ക് ബന്ധമുണ്ടെന്ന അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം കാനഡ-ഇന്ത്യ ബന്ധത്തിൽ വലിയ പ്രതിസന്ധിക്ക് കാരണമായി.
ഇന്ത്യ ഈ ആരോപണം നിഷേധിച്ചു. നിജ്ജർ വധവുമായി ബന്ധപ്പെട്ട് ഇന്ത്യ ആസ്ഥാനമായുള്ള കുറ്റകൃത്യ സംഘങ്ങളുമായി ബന്ധമുള്ള 24 പേരെ അറസ്റ്റ് ചെയ്തതായി അമേരിക്കൻ നീതിന്യായ വകുപ്പ് ജൂലൈയിൽ അറിയിച്ചിരുന്നു. അതേസമയം, മറ്റൊരു ബി.സി. സംഘാടകർക്കും പൊലീസ് വാക്കാൽ മുന്നറിയിപ്പ് നൽകിയതായി ‘സിഖ്സ് ഫോർ ജസ്റ്റിസ്’ സംഘടന അറിയിച്ചു. ആർ.സി.എം.പി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഭീഷണിയുണ്ടെങ്കിലും തന്റെ പ്രവർത്തനങ്ങൾ ഒരിക്കലും അവസാനിപ്പിക്കില്ലെന്നും അത് തുടരുമെന്നും ഗോസൽ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





