സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഓപ്പറേഷന് തൂഫാന്’ കൂടുതല്‍ ശക്തമാക്കാന്‍ അയല്‍ സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് മുഖ്യമന്ത്രി വി. ഡി. സതീശന്. അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലകളെ സംയുക്തമായി നേരിടണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാര്‍, തമിഴ്നാട് മുഖ്യമന്ത്രി വിജയ്, പുതുച്ചേരി മുഖ്യമന്ത്രി എന്നിവര്‍ക്ക് അദ്ദേഹം കത്തയച്ചു. ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തില്‍ കേരളം സന്നദ്ധമാണെന്നും സംസ്ഥാനങ്ങളുടെ ഏകോപിത മുന്നേറ്റം ഇതിന് അനിവാര്യമാണെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി.
ലഹരിമുക്ത കേരളം ലക്ഷ്യമിട്ടുള്ള ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്റലിജന്‍സ് അധിഷ്ഠിതമായ നിയമനടപടികള്‍ സംസ്ഥാനത്ത് കടുപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് കടത്തുകാരുടെ സാമ്പത്തിക സ്രോതസ്സുകള്‍ തകര്‍ക്കുക, അനധികൃത സമ്പാദ്യങ്ങള്‍ കണ്ടുകെട്ടുക തുടങ്ങിയ കര്‍ശന നടപടികളിലേക്ക് പോലീസ് കടന്നിട്ടുണ്ട്. എന്നാല്‍, മയക്കുമരുന്ന് ശൃംഖലകള്‍ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നതിനാല്‍ അയല്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തത്സമയ പിന്തുണയും സഹകരണവും ആവശ്യമാണെന്ന് കത്ത് ഓര്‍മ്മിപ്പിക്കുന്നു.
കേരളം, കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവടങ്ങളിലെ അതിര്‍ത്തി മേഖലകള്‍, പ്രധാന റോഡ് ഇടനാഴികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിദ്യാര്‍ത്ഥി ശൃംഖലകള്‍ എന്നിവ ലഹരി മാഫിയകള്‍ ദുരുപയോഗം ചെയ്യാന്‍ വലിയ സാധ്യതയുണ്ട്. ഇതിനകം തന്നെ നിരവധി അന്തര്‍സംസ്ഥാന, അന്താരാഷ്ട്ര മയക്കുമരുന്ന് കച്ചവടക്കാരെ കേരള പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് ചേര്‍ത്ത് തത്സമയ വിവര കൈമാറ്റവും സംയുക്ത ഓപ്പറേഷനുകളും ഉറപ്പാക്കുന്ന ഒരു ആസൂത്രിത പ്രവര്‍ത്തന പദ്ധതി രൂപീകരിക്കണമെന്ന് കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
അന്തര്‍സംസ്ഥാന ലഹരി വിരുദ്ധ നീക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി റാവഡ ചന്ദ്രശേഖര്‍, ടാക്ടിക്കല്‍ കമാന്‍ഡര്‍ പുട്ട വിക്രമാദിത്യ എന്നിവരടങ്ങുന്ന സംഘം അയല്‍ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവിമാരുമായും ആഭ്യന്തര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും നേരിട്ട് കൂടിക്കാഴ്ച നടത്തി സംയുക്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് രൂപം നല്‍കുമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
Kerala to intensify ‘Operation Toofan’; Chief Minister V. D. Satheesan writes to DK Shivakumar and Vijay
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





