‘അക്ക’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ബോളിവുഡ് നടി രാധിക ആപ്‌തെ നടത്തിയ വിവാദ പരാമർശത്തിലും, അന്ന് താൻ പ്രതികരിച്ച രീതിയിലുമുണ്ടായ വിമർശനങ്ങൾക്ക് വ്യക്തത നൽകി നടി കീർത്തി സുരേഷ് രംഗത്തെത്തി. തെന്നിന്ത്യൻ സംസ്കാരത്തെ താൻ ഒരിക്കലും മോശമാക്കി ചിത്രീകരിച്ചിട്ടില്ലെന്നും, രാധിക ആപ്‌തെ സംസാരിച്ചതിന്റെ ഉദ്ദേശ്യം തുടക്കത്തിൽ തനിക്ക് ശരിയായി മനസ്സിലായിരുന്നില്ലെന്നും കീർത്തി സുരേഷ് വ്യക്തമാക്കി. തന്റെ പുതിയ ചിത്രമായ ‘സത്യവാൻ സാവിത്രി’യുടെ വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

നേരത്തെ നടന്ന അഭിമുഖത്തിൽ, തെലുങ്ക് സിനിമയിൽ അമ്മാവനെ പ്രണയിക്കുന്ന (റൊമാൻസ് ചെയ്യുന്ന) തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കേണ്ടി വന്നതിനെക്കുറിച്ച് രാധിക ആപ്‌തെ സംസാരിച്ചിരുന്നു. ഇത് തെന്നിന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണെന്ന രീതിയിലുള്ള രാധികയുടെ പരാമർശം വലിയ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു. അന്ന് ആ വേദിയിൽ വെച്ച്, അത്തരമൊരു വിവാഹരീതി കേരളത്തിലില്ലെന്ന് കീർത്തി സുരേഷ് മറുപടി നൽകിയതും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറിയിരുന്നു.
രാധിക ആപ്‌തെ തെന്നിന്ത്യൻ സംസ്കാരത്തെക്കുറിച്ച് തെറ്റായ രീതിയിൽ സംസാരിച്ചപ്പോൾ, ഒരു തെന്നിന്ത്യൻ നടി എന്ന നിലയിൽ കീർത്തി എന്തുകൊണ്ട് അതിനെ തിരുത്തിയില്ലെന്നും രാധികയ്ക്കൊപ്പം നിന്നുവെന്നുമുള്ള ആരാധകരുടെ അതൃപ്തിയാണ് വാർത്താസമ്മേളനത്തിൽ പ്രധാനമായും ഉയർന്നുവന്നത്. ഇതിന് മറുപടിയായി, രാധിക എന്താണ് പറഞ്ഞു വരുന്നതെന്ന് ആദ്യം തനിക്ക് മനസ്സിലായിരുന്നില്ലെന്ന് കീർത്തി വിശദീകരിച്ചു. സൗത്ത് ഇന്ത്യൻ സംസ്കാരത്തെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന് പിന്നീടാണ് താൻ തിരിച്ചറിഞ്ഞതെന്നും, അത് നമ്മുടെ സംസ്കാരമാണെന്ന് എത്ര തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചാലും മറ്റുള്ളവർ അത് ഉൾക്കൊള്ളണമെന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
കേരളത്തിൽ അമ്മാവന്മാരെ വിവാഹം കഴിക്കുന്ന രീതിയില്ലെന്ന് താൻ പറഞ്ഞത് കേവലം ഒരു അറിവ് കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണെന്ന് കീർത്തി സുരേഷ് വ്യക്തമാക്കി. ‘മുറൈമാമൻ തിരുമണം’ എന്ന ആചാരം തമിഴ്‌നാട്ടിലും ആന്ധ്രയിലും മാത്രമുള്ളതായിട്ടാണ് തന്റെ അറിവെന്നും കർണാടകയിലെ രീതികളെക്കുറിച്ച് തനിക്ക് വ്യക്തതയില്ലെന്നും നടി പറഞ്ഞു. ആ സന്ദർഭത്തിൽ പ്രാദേശികമായ വ്യത്യാസങ്ങൾ പറഞ്ഞുകൊടുക്കാൻ മാത്രമാണ് താൻ ശ്രമിച്ചതെന്നും, ഒരിക്കലും സ്വന്തം സംസ്കാരത്തെ തരംതാഴ്ത്തി സംസാരിച്ചിട്ടില്ലെന്നും ഇനി അങ്ങനെ ചെയ്യില്ലെന്നും കീർത്തി സുരേഷ് ഉറപ്പിച്ചു പറഞ്ഞു
Keerthy Suresh Responds to Controversy Over Culture
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z
.




