കൊച്ചി: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ സാങ്കേതിക മികവുകളോടെ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. മോഹൻലാൽ-ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ഈ ചലച്ചിത്ര വിസ്മയം ജൂലൈ 10-നാണ് റീ-റിലീസ് ചെയ്യുന്നത്. മോഹൻലാലിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ‘സേതുമാധവൻ’ എന്ന കഥാപാത്രത്തെ പുത്തൻ ദൃശ്യ-ശ്രാവ്യ അനുഭവത്തോടെ ബിഗ് സ്‌ക്രീനിൽ കാണാൻ ഇതോടെ ആരാധകർക്ക് അവസരമൊരുങ്ങും.
1989-ൽ പുറത്തിറങ്ങിയ ചിത്രം 37 വർഷങ്ങൾക്ക് ശേഷമാണ് 4K ദൃശ്യമേന്മയിലും ഡോൾബി അറ്റ്‌മോസ് (Dolby Atmos) സൗണ്ട് ക്വാളിറ്റിയിലും പുനഃക്രമീകരിച്ച് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് സെവൻ ആർട്സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. കൃപാ ഫിലിംസിന്റെ ബാനറിൽ എൻ. കൃഷ്ണകുമാറും (കിരീടം ഉണ്ണി) ദിനേശ് പണിക്കരും ചേർന്നാണ് ചിത്രം നിർമിച്ചത്. റീ-റിലീസിൽ ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം സേതുമാധവനും അച്യുതൻ നായരുമായി മോഹൻലാൽ-തിലകൻ കൂട്ടുകെട്ട് തകർത്തഭിനയിച്ച മനോഹരമായ കുടുംബ ഭാവമുഹൂർത്തങ്ങളിലൂടെയും ജോൺസന്റെ സംഗീത മാന്ത്രികതയിലൂടെയും ഇന്നും പ്രേക്ഷകമനസുകളിൽ നൊമ്പരമായി നിൽക്കുന്ന ഒന്നാണ്. ഒരു സാധാരണ ചെറുപ്പക്കാരൻ അവിചാരിതമായി കുറ്റവാളിയായി മാറുന്നതും അയാളുടെ ശിരസിൽ ‘മുൾക്കിരീടം’ ഉറച്ചുപോകുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പാർവതി, മുരളി, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, മോഹൻരാജ്, ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു, ജഗദീഷ് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
എസ്. കുമാർ ഛായാഗ്രഹണവും എൽ. ഭൂമിനാഥൻ എഡിറ്റിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ ഗാനങ്ങൾ രചിച്ചത് കൈതപ്രമാണ്. റീ-റിലീസിന് മുന്നോടിയായി പ്രസാദ് കോർപ്പ് റീസ്റ്റോറേഷനും ഹൈ സ്റ്റുഡിയോസ് 4K റീമാസ്റ്ററിങ്ങും ഹരി നാരായണൻ അറ്റ്‌മോസ് മിക്സിംഗും നിർവ്വഹിച്ചിരിക്കുന്നു. പ്രശസ്ത എഡിറ്റർ ഡോൺ മാക്സ് ആണ് ട്രെയിലർ കട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. കളറിസ്റ്റ് രംഗ, ക്രിയേറ്റീവ് വിഷനറി ഹെഡ് ബോണി അസനാർ, പി.ആർ.ഓ പി. ശിവപ്രസാദ് എന്നിവരുൾപ്പെടെ വലിയൊരു സാങ്കേതിക നിരയാണ് ഈ ക്ലാസിക് ചിത്രത്തെ പുത്തൻ തലമുറയ്ക്കായി തിയേറ്ററുകളിൽ എത്തിക്കാൻ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.
Mohanlal-Thilakan’s onscreen magic is back on the big screen! ‘Keereedam’ 4K re-release from July 10th!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





