കാഷെചെവാൻ: കുടിവെള്ള വിതരണ സംവിധാനം തകരാറിലായതിനെ തുടർന്ന് നയാഗ്ര ഫോൾസിലെ ഹോട്ടലുകളിൽ എട്ട് മാസത്തോളം അഭയം തേടിയ ആയിരത്തിലധികം കാഷെചെവൻ നിവാസികൾ സ്വന്തം നാടുകളിലേക്ക് മടങ്ങി. കഴിഞ്ഞ ജനുവരിയിൽ ജലശുദ്ധീകരണ ശാലയുടെ പ്രവർത്തനം നിലയ്ക്കുകയും ക്രിപ്റ്റോസ്പോറിഡിയം ബാധ പടരുകയും ചെയ്തതോടെയാണ് കാഷെചെവൻ ചീഫ് ഹോസിയ വെസ്ലി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നാടണയാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെങ്കിലും, ബുദ്ധിമുട്ടേറിയ സമയത്ത് കരുതൽ നൽകിയ നയാഗ്ര നിവാസികളോട് വലിയ സ്നേഹവും നന്ദിയുമുണ്ടെന്ന് കാഷെചെവനിലെ മുതിർന്ന വനിത റബേക്ക ഫ്രൈഡേ പറഞ്ഞു. ഞായറാഴ്ചയോടെ ഭൂരിഭാഗം ആളുകളും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം കുറച്ചുപേർ ഇപ്പോഴും നയാഗ്രയിൽ തുടരുന്നുണ്ട്.
താമസകാലത്തിനിടയിൽ ചെറിയ രീതിയിലുള്ള ചില അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നിരുന്നെങ്കിലും നയാഗ്രയിലെ ജനങ്ങളും നഗരസഭയും നൽകിയ പിന്തുണ വലുതായിരുന്നുവെന്ന് ചീഫ് ഹോസിയ വെസ്ലി ഓഗസ്റ്റ് 11-ന് കൗൺസിൽ യോഗത്തിൽ വായിച്ച കത്തിൽ വ്യക്തമാക്കി.
ഹോട്ടലുകളിൽ കഴിഞ്ഞിരുന്ന ദുരിതാശ്വാസ നിവാസികളെ ഭവനരഹിതരായി തെറ്റിദ്ധരിച്ചുവെന്ന നയാഗ്രയിലെ മുൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെൻ ടോഡിന്റെ പരാമർശം ജൂണിൽ വലിയ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി അക്കാഡിയൻ നിവാസികൾ ജൂലൈ 3-ന് സിറ്റി ഹാളിലേക്ക് മാർച്ച് നടത്തുകയും നയാഗ്ര മേയർ ജിം ഡിയോഡാറ്റി നേരിട്ടെത്തി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. തുടക്കത്തിൽ തിരികെ പോകാൻ മടിച്ച കുട്ടികൾ പോലും ഒടുവിൽ നിറഞ്ഞ മനസ്സോടെയാണ് മടങ്ങിയതെന്ന് മേയർ കൂട്ടിച്ചേർത്തു.
സ്വന്തം നാട്ടിൽ തിരിച്ചെത്തിയെങ്കിലും അവിടുത്തെ കുടിവെള്ളത്തെ കുറിച്ച് ജനങ്ങൾക്ക് ഇപ്പോഴും പൂർണ്ണ വിശ്വാസം വന്നിട്ടില്ലെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ടൈസൺ വെസ്ലി പറഞ്ഞു. വെള്ളം ഇപ്പോൾ സുരക്ഷിതമാണെങ്കിലും പലരും വീടുകളിൽ സ്വന്തമായി ശുദ്ധീകരണ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
എട്ട് മാസത്തെ താമസിനിടയിൽ തങ്ങളുടെ സമുദായത്തിലെ പത്തോളം പേർ തിരികെ നാട്ടിലെത്താൻ കഴിയാതെ മരണപ്പെട്ടതിന്റെ സങ്കടവും ടൈസൺ പങ്കുവെച്ചു. വസന്തകാലത്തെ വെള്ളപ്പൊക്കം കാരണം പതിവായി ജനങ്ങളെ ഒഴിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ, തങ്ങളുടെ ഗ്രാമം ഉയർന്ന പ്രദേശത്തേക്ക് പൂർണ്ണമായി മാറ്റി സ്ഥാപിക്കാൻ ഫെഡറൽ-പ്രാദേശിക സർക്കാരുകൾ തയ്യാറാകണമെന്ന ആവശ്യവും കാഷെചെവൻ ജനത വീണ്ടും മുന്നോട്ടുവെക്കുന്നുണ്ട്.
Grateful residents of Kashchewan return to their homeland after eight months of refugee life
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla




