വിന്നിപെഗ്: മാനിറ്റോബയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടം കപാകായ്ടേ ഫാൾസ് ആയിരിക്കാമെന്ന പുതിയ പഠനവുമായി ഗവേഷകർ. ബോറിയൽ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് 16 മീറ്ററോളം ഉയരമുണ്ടെന്ന് ഗവേഷകരായ അലക്സാണ്ടർ മാർട്ടിനും ലൂക്കാസ് ഒൽസണും കണ്ടെത്തി. ഡിജിറ്റൽ ഫോട്ടോഗ്രാമെട്രി സാങ്കേതികവിദ്യ ഉപയോഗിച്ച് ഓഡി നദിയിലാണ് ഇവർ അളവെടുപ്പ് നടത്തിയത്. നിലവിൽ 14 മീറ്റർ ഉയരമുള്ള ക്വാസിറ്റ്ചെവാൻ ഫാൾസാണ് പ്രവിശ്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമായി കരുതപ്പെടുന്നത്. തോംപ്സൺ നഗരത്തിന് തെക്കുപടിഞ്ഞാറുള്ള ഈ വെള്ളച്ചാട്ടത്തെ മറികടന്നാണ് കപാകായ്ടേ ഒന്നാമതെത്തുന്നത്.
2026 ജൂലൈയിലാണ് ഗവേഷകർ അത്യന്തം അപകടകരമായ യാത്രയിലൂടെ പ്രദേശത്ത് എത്തിയത്. കാട്ടുതീ ബാധിച്ച വനപ്രദേശങ്ങളും നദീപാതകളും പിന്നിട്ട് 105 കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത്. തുടർന്ന് ഡ്രോൺ ഉപയോഗിച്ച് പകർത്തിയ ആയിരത്തിലധികം ചിത്രങ്ങൾ കൂട്ടിച്ചേർത്ത് 3D മാതൃക നിർമ്മിച്ചാണ് ഉയരം കണക്കാക്കിയത്. ഫെഡറൽ സർക്കാർ പതിറ്റാണ്ടുകൾക്ക് മുൻപ് നടത്തിയ മാപ്പിംഗിൽ ഇതിന് 58 അടി ഉയരം രേഖപ്പെടുത്തിയിരുന്നു. പുതിയ പഠനത്തിൽ ഉയരം 52 അടിയോളം (16 മീറ്റർ) വരുമെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി.
Also Read: 250 ഔട്ട്‌ലെറ്റുകൾ പൂട്ടുന്നു: കാനഡ അടക്കമുള്ള വിപണികളിൽ വൻ മാറ്റവുമായി സ്റ്റാർബക്സ്
അതേസമയം, ഔദ്യോഗിക രേഖകൾ പ്രകാരം ക്വാസിറ്റ്ചെവാൻ ഫാൾസ് തന്നെയാണ് ഇപ്പോഴും ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടമെന്ന് മാനിറ്റോബ സർക്കാർ അറിയിച്ചു. കപാകായ്ടേ ഫാൾസിന്റെ പുതിയ അളവുകൾ പ്രവിശ്യയുടെ ഡാറ്റാബേസിൽ ഇതുവരെ ഉൾപ്പെടുത്തിയിട്ടില്ല. തങ്ങളുടെ കണ്ടെത്തലുകൾ ശാസ്ത്രീയമായി പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷക സംഘം. ഇനിയും കണ്ടെത്തി രേഖപ്പെടുത്താത്ത നിരവധി പ്രകൃതിവിഭവങ്ങൾ ഭൂമിയിലുണ്ടെന്നതിന്റെ തെളിവാണ് ഈ പഠനമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





