കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമർശത്തെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസലിയാർ. ആത്മീയ വിഷയങ്ങളിലെ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും കാന്തപുരം ആരോപിച്ചു. ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനും സംവാദങ്ങൾ ആരോഗ്യകരമായ വേദികളാകണം. എന്നാൽ അറിവന്വേഷണത്തെ അട്ടിമറിക്കുന്ന പ്രവണതകളെ ജാഗ്രതയോടെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപനങ്ങളിൽ പ്രവർത്തകർ വീഴരുതെന്നും വൈകാരിക പ്രതികരണങ്ങൾ ഒഴിവാക്കി പക്വതയോടെയും വിവേകത്തോടെയും വിഷയങ്ങളെ സമീപിക്കണമെന്നും കാന്തപുരം നിർദേശിച്ചു. നബിദിന ആഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെതിരായ പരാമർശങ്ങളും മഹല്ലുകൾക്കും മദ്രസകൾക്കും നൽകിയ നിർദേശങ്ങളുമാണ് നേരത്തെ വിവാദമായത്.
പൊതുഇടങ്ങളിലും വേദികളിലും സ്ത്രീകളെ കൊണ്ടുവരരുതെന്ന തരത്തിലുള്ള പരാമർശങ്ങൾക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. ബൃന്ദ കാരാട്ട് ഉൾപ്പെടെയുള്ള പ്രമുഖരും കാന്തപുരത്തിന്റെ പ്രസ്താവനയെ അപലപിച്ചിരുന്നു.
ഇതിനിടെ തൃശൂരിൽ നടന്ന ജില്ലാ മീലാദ് കോൺഫറൻസിൽ കാന്തപുരം തന്റെ നിലപാട് മയപ്പെടുത്തിയിരുന്നു. സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയിട്ടില്ലെന്നും പെൺകുട്ടികൾക്കായി പ്രത്യേക വിദ്യാഭ്യാസ സ്ഥാപനങ്ങളും അനാഥരായ കുട്ടികൾക്ക് സംരക്ഷണവും നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദത്തിൽ കോഴിക്കോട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ കൂടുതൽ വിശദീകരണം നൽകുമെന്നാണ് വിവരം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq








