ഒന്റാരിയോ മുൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ ഗായിക കാറ്റി പെറിയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ മാസങ്ങളായി അന്താരാഷ്ട്ര തലക്കെട്ടുകളിൽ നിറയുകയായിരുന്നു. ഒടുവിൽ, തങ്ങളുടെ ജപ്പാൻ യാത്രയിൽ നിന്നുള്ള റൊമാന്റിക് ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചുകൊണ്ട് അമേരിക്കൻ ഗായിക കാറ്റി പെറി, ട്രൂഡോയുമായുള്ള ബന്ധം ഇൻസ്റ്റാഗ്രാമിലൂടെ പരസ്യപ്പെടുത്തി.
ജസ്റ്റിൻ ട്രൂഡോയും കാറ്റി പെറിയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചത് മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയാണ്. കഴിഞ്ഞ വ്യാഴാഴ്ച കിഷിദയും ഭാര്യയും ട്രൂഡോയ്ക്കും കാറ്റി പെറിക്കും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചപ്പോൾ, ട്രൂഡോയുടെ “പങ്കാളി” (partner) എന്നാണ് കിഷിദ കാറ്റി പെറിയെ വിശേഷിപ്പിച്ചത്. ഒരു ക്രിസ്മസ് ട്രീയുടെ മുന്നിൽ കാറ്റി പെറിയുമായി ട്രൂഡോ നിൽക്കുന്ന ചിത്രമാണ് കിഷിദ പങ്കുവെച്ചത്.
“മുൻ കനേഡിയൻ പ്രധാനമന്ത്രി @JustinTrudeau, അദ്ദേഹത്തിന്റെ പങ്കാളിയോടൊപ്പം ജപ്പാൻ സന്ദർശിക്കുകയും തന്റെ ഭാര്യയോടൊപ്പം ഉച്ചഭക്ഷണത്തിൽ പങ്കെടുക്കുകയും ചെയ്തു,” എന്നായിരുന്നു കിഷിദ ചിത്രത്തിന് നൽകിയ കുറിപ്പ്. പ്രധാനമന്ത്രിയായിരുന്ന കാലത്ത് തങ്ങൾ നിരവധി തവണ കൂടിക്കാഴ്ച നടത്തിയെന്നും, ‘ജപ്പാൻ-കാനഡ ആക്ഷൻ പ്ലാൻ’ രൂപീകരിക്കുന്നത് ഉൾപ്പെടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിച്ചതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു.
കിഷിദയുടെ ഈ പോസ്റ്റ് ട്രൂഡോയും റീഷെയർ ചെയ്യുകയും, സൗഹൃദത്തിനും മെച്ചപ്പെട്ട ഭാവിയോടുള്ള പ്രതിബദ്ധതക്കും നന്ദി അറിയിക്കുകയും ചെയ്തു. “കാറ്റിക്കും എനിക്കും നിങ്ങളോടും യൂക്കോയോടും ഒപ്പം ഇരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ട്രൂഡോ കൂട്ടിച്ചേർത്തു. ട്രൂഡോയും കാറ്റി പെറിയും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത് ജൂലൈ അവസാനം മോൺട്രിയലിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ്.
അതേസമയം, ട്രൂഡോയുടെ മുൻ ഭാര്യ സോഫി ഗ്രെഗ്വയർ ട്രൂഡോ ഈ അഭ്യൂഹങ്ങളെക്കുറിച്ച് നവംബറിൽ ‘ആർലീൻ ഈസ് എലോൺ’ എന്ന പോഡ്കാസ്റ്റിൽ സംസാരിച്ചിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2023 ഓഗസ്റ്റിലാണ് ഇരുവരും വേർപിരിഞ്ഞത്. അവർക്ക് സേവ്യർ, എല്ല-ഗ്രേസ്, ഹാഡ്രിയൻ എന്നിങ്ങനെ മൂന്ന് കുട്ടികളുണ്ട്. കാറ്റി പെറി കഴിഞ്ഞ ജൂണിലാണ് ഏകദേശം ഒരു ദശാബ്ദത്തോളം നീണ്ട ബന്ധത്തിന് ശേഷം നടൻ ഓർലാൻഡോ ബ്ലൂമുമായുള്ള വിവാഹനിശ്ചയം വേർപെടുത്തിയതായി പ്രഖ്യാപിച്ചത്. കാനഡയിലെ ലിബറൽ പാർട്ടിയുടെ നേതാവും പ്രധാനമന്ത്രിയുമായി 12 വർഷം പ്രവർത്തിച്ചതിന് ശേഷം, അടുത്ത തിരഞ്ഞെടുപ്പിലേക്ക് തനിക്ക് പാർട്ടിയെ നയിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ജനുവരിയിലാണ് ട്രൂഡോ രാജി വെച്ചത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
justin-trudeau-and-katy-perry-go-instagram-offical






