മലപ്പുറം: ലണ്ടനിലെ ഒരു ഫ്ലാറ്റിന്റെ രണ്ടാം നിലയിൽനിന്ന് താഴേക്ക് വഴുതിവീണ മൂന്ന് വയസ്സുകാരനെ മലപ്പുറം സ്വദേശിയായ യുവാവ് സാഹസികമായി രക്ഷപെടുത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി ജസീൽ ആണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച (ജൂൺ 11) ജസീൽ താമസിക്കുന്ന ഫ്ലാറ്റിന് സമീപമായിരുന്നു സംഭവം. കുട്ടി കെട്ടിടത്തിന് പുറത്തേക്ക് തൂങ്ങിനിൽക്കുന്നത് കണ്ട് ഓടിയെത്തിയ ജസീൽ, താഴേക്ക് വീണ കുട്ടിയെ കൈകളിൽ താങ്ങുകയായിരുന്നു.
ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ തൊട്ടടുത്ത ഫ്ലാറ്റിൽനിന്ന് ശബ്ദം കേട്ടാണ് ജസീൽ ജനലിലൂടെ പുറത്തേക്ക് നോക്കിയത്. ഈ സമയത്ത് രണ്ടാം നിലയിലെ ജനൽ വഴി പുറത്തു കടന്ന കുട്ടി അപകടകരമായ രീതിയിൽ തൂങ്ങിനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻതന്നെ ഷർട്ട് പോലും ധരിക്കാതെ ജസീൽ സംഭവസ്ഥലത്തേക്ക് ഓടുകയായിരുന്നു. കടുത്ത ചൂടുള്ള കാലാവസ്ഥയായതിനാൽ ജനൽ തുറന്നിട്ടിരുന്നതാകാം കുട്ടി പുറത്തേക്ക് കടക്കാൻ കാരണമെന്നാണ് കരുതുന്നത്.
സ്ഥലത്തുണ്ടായിരുന്ന ഒരു പൊലീസുകാരൻ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കടുത്ത ചൂട് കാരണം സാധിച്ചില്ല. ഇതിനിടെ പിടിവിട്ട് താഴേക്ക് വീണ കുട്ടിയെ താഴെ നിന്നിരുന്ന ജസീൽ കൃത്യമായി കൈകളിൽ പിടിക്കുകയായിരുന്നു. വീഴ്ചയിൽ കുട്ടിക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. തുടർന്ന് കുട്ടിയെ സുരക്ഷിതമായി കുടുംബാംഗങ്ങളെ ഏൽപ്പിച്ച ശേഷമാണ് ജസീൽ മടങ്ങിയത്. ജസീലിന്റെ ഈ ധീരമായ രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
'Malayali Da'..! Jazeel from Malappuram bravely saves a three-year-old boy who fell from the second floor in London










