അബുദാബി: ഇറാനുമായുള്ള യുദ്ധസാഹചര്യം നിലനിൽക്കെ, തങ്ങളുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ ചരിത്രത്തിലാദ്യമായി വിദേശ രാജ്യത്ത് വിന്യസിച്ച് ഇസ്രായേൽ. യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു അയൺ ഡോം ബാറ്ററിയും ഇത് പ്രവർത്തിപ്പിക്കാനുള്ള സൈനികരെയുമാണ് ഇസ്രായേൽ അയച്ചത്. ഗൾഫ് മേഖലയിലെ അമേരിക്കൻ താവളങ്ങൾക്കും തന്ത്രപ്രധാന കേന്ദ്രങ്ങൾക്കും നേരെ ഇറാൻ നിരന്തരം ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തുന്ന പശ്ചാത്തലത്തിലാണ് ഇസ്രായേൽ ഈ നിർണ്ണായക സഹായം നൽകിയതെന്ന് അമേരിക്കൻ വാർത്താ ഏജൻസിയായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു.
അബുദാബിയിലെ പ്രധാന സിവിലിയൻ-സൈനിക കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിടുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേരിട്ട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് വിന്യാസത്തിന് അനുമതി ലഭിച്ചത്. ഇസ്രായേലിന് പുറത്ത് അമേരിക്കയൊഴികെ മറ്റൊരു രാജ്യം ഈ പ്രതിരോധ കവചം ഉപയോഗിക്കുന്നത് ഇതാദ്യമായാണ്. റോക്കറ്റുകളെയും പീരങ്കി ഷെല്ലുകളെയും ആകാശത്തുവെച്ച് തന്നെ തകർക്കാൻ ശേഷിയുള്ള അയൺ ഡോം, 90 ശതമാനത്തിലധികം കൃത്യതയോടെയാണ് ശത്രുനീക്കങ്ങളെ പ്രതിരോധിക്കുന്നത്.
യുദ്ധകാലത്തുടനീളം ഇസ്രായേലും യുഎഇയും തമ്മിൽ ശക്തമായ സൈനിക ഏകോപനമാണ് പുലർത്തുന്നത്. ഇതിന്റെ ഭാഗമായി തെക്കൻ ഇറാനിലെ മിസൈൽ ലോഞ്ചറുകൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങൾ യുഎഇയിലേക്കുള്ള മിസൈൽ വിക്ഷേപണങ്ങൾ ഒഴിവാക്കാൻ സഹായിച്ചിരുന്നു. 2020-ലെ അബ്രഹാം ഉടമ്പടിക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കേവലം നയതന്ത്ര സൗഹൃദത്തിനപ്പുറം തന്ത്രപരമായ പ്രതിരോധ പങ്കാളിത്തമായി വളർന്നുവെന്നതിന്റെ തെളിവാണ് ഈ നീക്കം. ഇറാൻ ഉയർത്തുന്ന ഭീഷണികൾക്കെതിരെ പശ്ചിമേഷ്യയിൽ രൂപപ്പെടുന്ന പുതിയ സുരക്ഷാ സഖ്യത്തിന്റെ വ്യക്തമായ സൂചനയായും നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Israeli shield to shoot down Iranian missiles; UAE skies now under Iron Dome




