ടെൽ അവീവ്: ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ അപ്രതീക്ഷിത ആക്രമണം ഉണ്ടായതിനെ തുടർന്ന്, അത് ടെൽ അവീവ് ലക്ഷ്യമാക്കി നീങ്ങിയിരുന്നെങ്കിൽ വെടിവെച്ചിടാൻ ഇസ്രയേൽ പ്രതിരോധ സേന പൂർണ്ണ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നതായി റിപ്പോർട്ട്. സി.ബി.എസ് ന്യൂസ് (CBS News) ആണ് ഇസ്രയേൽ വ്യോമസേന സ്വീകരിച്ച അതീവ നിർണായക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സെപ്റ്റംബർ 30-നായിരുന്നു സംഭവങ്ങളുടെ തുടക്കം. ഒമാൻ പൗരനായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി, ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ കോക്ക്പിറ്റിൽ വെച്ച് ക്രൂരമായി ആക്രമിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ സംഭവം ഒരു ഭീകരാക്രമണശ്രമമായിരുന്നുവെന്ന് യു.എ.ഇ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.
സഹപൈലറ്റിന്റെ അക്രമത്തെത്തുടർന്ന് വെറും 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴ്ചയിലേക്ക് കുത്തനെ പതിച്ചു. ഈ അസാധാരണ സാഹചര്യത്തിലാണ് ഇസ്രയേൽ വ്യോമസേനയ്ക്ക് അപായ മുന്നറിയിപ്പ് ലഭിക്കുന്നത്. വിമാനം റാഞ്ചിയതാകാമെന്നും ഇസ്രയേലിലെ പ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്നും സൈന്യം കണക്കുകൂട്ടി. കോക്ക്പിറ്റുമായി പലതവണ ആശയവിനിമയത്തിന് ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ല. തുടർന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച ഇസ്രയേൽ സൈന്യം അടിയന്തര കമാൻഡ് സെന്റർ രൂപീകരിക്കുകയും വ്യോമപാത പൂർണ്ണമായി അടയ്ക്കുകയും ചെയ്തു. ഉടൻ തന്നെ നിരീക്ഷണത്തിനും പ്രത്യാക്രമണത്തിനുമായി യുദ്ധവിമാനങ്ങൾ പറന്നുയരുകയും ചെയ്തു.
ടെൽ അവീവിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ വിമാനം വെടിവെച്ചിടാനായിരുന്നു ഇസ്രയേൽ പൈലറ്റുമാർക്ക് ലഭിച്ച മുന്നൊരുക്ക നിർദ്ദേശം. ബെൻ ഗുരിയോൺ വിമാനത്താവളം, അസ്രിയേലി സെന്റർ തുടങ്ങിയ തന്ത്രപ്രധാനമായ നഗരകേന്ദ്രങ്ങളെയും ജനവാസ മേഖലകളെയും വൻ ദുരന്തത്തിൽനിന്ന് സംരക്ഷിക്കുക എന്നതായിരുന്നു ഈ നീക്കത്തിന്റെ ലക്ഷ്യം. വിമാനം വെടിവെച്ചിടാനുള്ള അന്തിമ ഉത്തരവ് നൽകേണ്ട ചുമതല ഇസ്രയേൽ പ്രധാനമന്ത്രിക്കായിരുന്നു. അതേസമയം, ഫ്ലൈ ദുബായ് വിമാനത്തിനടുത്തേക്ക് നീങ്ങി കോക്ക്പിറ്റിലുള്ളവരുടെ നീക്കങ്ങൾ നേരിട്ട് നിരീക്ഷിക്കാനും പൈലറ്റുമാർ ശ്രമിച്ചിരുന്നു.
എന്നാൽ വിമാനം ഇസ്രയേൽ ദിശ വിട്ട് സൗദി അറേബ്യയുടെ വ്യോമമേഖലയിലേക്ക് നീങ്ങുന്നതായി ബോധ്യപ്പെട്ടതോടെ ഇസ്രയേൽ തങ്ങളുടെ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സൗദി അറേബ്യയും തങ്ങളുടെ പോർവിമാനങ്ങൾ അടിയന്തരമായി വിന്യസിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതീവ നിർണായകമായ ഏതാനും നിമിഷങ്ങളിലെ കൃത്യമായ നിരീക്ഷണവും വിമാനത്തിന്റെ ദിശാമാറ്റവുമാണ് വൻ വ്യോമ ദുരന്തം ഒഴിവാക്കിയത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq





