മുംബൈ: ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിനായി മിന്നും പ്രകടനവുമായി മലയാളി താരം സഞ്ജു സാംസൺ. വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 54 പന്തിൽ നിന്ന് പുറത്താകാതെ 101 റൺസ് നേടിയാണ് സഞ്ജു ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. പത്ത് ഫോറുകളും ആറ് കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. മത്സരത്തിന്റെ അവസാന പന്തിൽ ബൗണ്ടറി പായിച്ച് സെഞ്ചുറി തികച്ച സഞ്ജു, ചെന്നൈ സ്കോർ 200 കടത്തുകയും ചെയ്തു. മുംബൈക്കെതിരെ സെഞ്ചുറി നേടുന്ന ആദ്യ ചെന്നൈ താരം എന്ന ചരിത്രനേട്ടവും ഇതോടെ സഞ്ജുവിന് സ്വന്തമായി.
മത്സരത്തിന് പിന്നാലെ മൈതാനത്ത് കണ്ടത് കായികലോകത്തിന് മാതൃകയായ മനോഹരമായ കാഴ്ചകളായിരുന്നു. ഇന്നിംഗ്സ് കഴിഞ്ഞ് മടങ്ങുകയായിരുന്ന സഞ്ജുവിനെ അഭിനന്ദിക്കാൻ മുംബൈ ഇന്ത്യൻസ് താരങ്ങൾ കൂട്ടമായെത്തി. മുംബൈയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയാണ് സഞ്ജുവിന് അരികിലേക്ക് ആദ്യമെത്തിയത്. പിന്നാലെ മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയും സഞ്ജുവിനെ തോളിൽ തട്ടി അഭിനന്ദിച്ചു. ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവ് സഞ്ജുവിനെ കെട്ടിപ്പിടിച്ചാണ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്. മൈതാനത്ത് എതിരാളികളാണെങ്കിലും സഞ്ജുവിന്റെ മികവിനെ അംഗീകരിക്കാൻ മുംബൈ താരങ്ങൾ കാണിച്ച മനസ്സ് ആരാധകരുടെ കയ്യടി നേടുകയാണ്.
ഈ സീസണിലെ സഞ്ജുവിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്. ഇതോടെ ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് (5 സെഞ്ചുറികൾ) സഞ്ജു സാംസൺ ഉയർന്നു. 187 പ്രഹരശേഷിയിൽ ബാറ്റ് വീശിയ താരം നിലവിൽ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഒരുവശത്ത് വിക്കറ്റുകൾ തുടരെ വീണപ്പോഴും പതറാതെ ക്രീസിൽ നിലയുറപ്പിച്ച സഞ്ജു, ടീമിനെ സുരക്ഷിതമായ സ്കോറിലേക്ക് നയിക്കുകയായിരുന്നു. ടി20 ലോകകപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഐപിഎല്ലിലും ഫോം തുടരുന്നത് സഞ്ജുവിന്റെ കരിയറിലെ സുവർണ്ണകാലത്തെയാണ് സൂചിപ്പിക്കുന്നത്.
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട സഞ്ജു, പിന്നീട് കരുത്തുറ്റ തിരിച്ചുവരവാണ് നടത്തിയത്. സഞ്ജു ഫോമിലായതോടെ ചെന്നൈ സൂപ്പർ കിംഗ്സ് വിജയവഴിയിൽ തിരിച്ചെത്തുകയും ചെയ്തു. സഞ്ജുവിന്റെ ബാറ്റിംഗ് മികവിൽ ചെന്നൈ 200 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ വാംഖഡെയിലെ ഗാലറി ഒന്നടങ്കം ആവേശത്തിലായി. മുംബൈ താരങ്ങൾ പോലും സഞ്ജുവിനെ ചേർത്തുപിടിച്ച കാഴ്ച വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുമെന്നുറപ്പാണ്. മലയാളി താരത്തിന്റെ ഈ അശ്വമേധം ഇന്ത്യൻ ക്രിക്കറ്റിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
Isn’t this the sportsman spirit? Mumbai players congratulate Sanju; Fans take over
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



