ടെഹ്റാൻ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തടവറയ്ക്കുള്ളിലാക്കിയ രൂപത്തിലുള്ള വിചിത്രമായ ഇൻസ്റ്റലേഷൻ നിർമ്മിച്ച് ഇറാൻ ഭരണകൂടം. തലസ്ഥാനമായ ടെഹ്റാനിലെ ഉന്നത പ്രദേശമായ തജ്രിഷ് സ്ക്വയറിലാണ് ഏതാനും നിലകളുടെ ഉയരത്തിൽ തടവറ തൂക്കിയിട്ടിരിക്കുന്നത്. അമേരിക്ക വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ഈ ത്രിമാന കലാസൃഷ്ടി കാണാനും അതിനുമുന്നിൽ നിന്ന് സെൽഫിയെടുക്കാനും നിരവധി പ്രാദേശികവാസികളാണ് സ്ഥലത്തേക്ക് എത്തുന്നത്.
കറുത്ത സ്യൂട്ടും ചുവന്ന ടൈയും ധരിച്ച്, ട്രംപിന്റെ മുഖംമൂടിയണിഞ്ഞ ഒരു അഭിനേതാവാണ് കൂട്ടിനുള്ളിൽ കഴിയുന്നത്. സെല്ലിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയും കമ്പികളിൽ പിടിച്ച് നിൽക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ അവതരണം ക്രമീകരിച്ചിരിക്കുന്നത്. തടവറയ്ക്ക് സമീപം സജ്ജീകരിച്ചിരിക്കുന്ന ഡിജിറ്റൽ സ്ക്രീനിൽ അമേരിക്കയുടെ യുദ്ധക്കുറ്റങ്ങൾ അപലപിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ തുടർച്ചയായി പ്രദർശിപ്പിക്കുന്നുമുണ്ട്. പകലെന്നോ രാവെന്നോ ഇല്ലാതെ ആഴ്ചയിൽ ഏഴു ദിവസവും മുഴുവൻ സമയവും ഈ പ്രദർശനം തുടരുമെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി.
പലരും തമാശയോടെയും കൗതുകത്തോടെയുമാണ് ഇതിനെ സമീപിക്കുന്നത്. ചിലർ ട്രംപിന്റെ വേഷധാരിയോട് സംസാരിക്കുകയും സെൽഫിയെടുക്കുകയും ചെയ്യുമ്പോൾ, മറ്റു ചിലർ തങ്ങളുടെ കടുത്ത അമർഷവും രോഷവും പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങൾക്ക് നീതിക്കായുള്ള ഇറാന്റെ ആവശ്യങ്ങൾ ഓർമ്മിപ്പിക്കാനാണ് ഇത്തരമൊരു പ്രചാരണ പരിപാടി സംഘടിപ്പിച്ചതെന്ന് ടെഹ്റാൻ നഗരസഭാ അധികൃതർ അറിയിച്ചു.
ഫെബ്രുവരിയിൽ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് ആരംഭിച്ച പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാൻ പ്രചാരണം ശക്തമാക്കിയത്. യുദ്ധത്തിൽ സ്കൂളും വിവാഹച്ചടങ്ങും ഉൾപ്പെടെയുള്ള ജനവാസ മേഖലകൾ ബോധപൂർവം ലക്ഷ്യമിട്ട് നിരവധി സ്ത്രീകളെയും കുട്ടികളെയും വധിച്ച ട്രംപ് യുദ്ധക്കുറ്റവാളിയാണെന്നാണ് ഇറാന്റെ ആരോപണം. ട്രംപിനോട് പ്രതികാരം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ യുദ്ധകാലയളവിൽ നിരവധി കലാസൃഷ്ടികളാണ് ഇറാൻ പുറത്തിറക്കിയിട്ടുള്ളത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




