ടെഹ്റാൻ : സമ്പുഷ്ടീകരിച്ച യുറേനിയം വിദേശത്തേക്ക് കയറ്റി അയക്കില്ലെന്നും അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും ഇപ്പോൾ തയ്യാറല്ലെന്നും ഇറാൻ വ്യക്തമാക്കി. രാജ്യത്തിന്റെ ദേശീയ സമ്പത്തായ സമ്പുഷ്ടീകരിച്ച യുറേനിയം ഒരു ഗ്രാം പോലും പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസേയ് കടുത്ത ഭാഷയിൽ അറിയിച്ചു. ഉപരോധങ്ങൾ പൂർണ്ണമായി നീക്കം ചെയ്യുന്നത് ഉൾപ്പെടെയുള്ള തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ ഭാവിയിൽ ചർച്ചകളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നാണ് ടെഹ്റാന്റെ ഔദ്യോഗിക നിലപാട്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി പാകിസ്ഥാൻ നടത്തിവന്ന മധ്യസ്ഥ ശ്രമങ്ങൾ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. സമാധാന ശ്രമങ്ങളുടെ ഭാഗമായി ടെഹ്റാൻ സന്ദർശിച്ച പാക് സൈനിക മേധാവി ഫീൽഡ് മാർഷ്യൽ ആസിം മുനീറുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇറാൻ ഭരണകൂടം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. മുൻപ് ഒപ്പുവെച്ച ധാരണകൾ ലംഘിക്കപ്പെട്ട പശ്ചാത്തലത്തിൽ വാഷിംഗ്ടണുമായി പെട്ടെന്നൊരു ചർച്ചയ്ക്ക് സാധ്യതയില്ലെന്ന് കൂടിക്കാഴ്ചയിൽ ഇറാനിയൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
അമേരിക്കയുമായുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി ഏഴ് പ്രധാന ഉപാധികളാണ് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് ആവർത്തിച്ചു വ്യക്തമാക്കിയത്. ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള യുഎസ് ഉപരോധം അവസാനിപ്പിക്കുക, എണ്ണ കയറ്റുമതിക്കുള്ള വിലക്കുകൾ പൂർണ്ണമായും നീക്കുക, പ്രാദേശിക തലത്തിലുള്ള ശത്രുതാപരമായ നീക്കങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇതിൽ പ്രധാനം. ഈ ആവശ്യങ്ങൾ വാഷിംഗ്ടൺ പൂർണ്ണമായി നടപ്പിലാക്കാതെ സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടാകില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
എട്ടുമാസത്തോളമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇറാൻ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ ശേഷി ഗണ്യമായി കുറയ്ക്കണമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അണുവായുധ നിർമ്മാണ സാങ്കേതികവിദ്യ കൈവിടില്ലെന്ന ഇറാനിയൻ പാർലമെന്റിന്റെയും സുരക്ഷാ കൗൺസിലിന്റെയും ഒരേസമയത്തുള്ള ഉറച്ച നിലപാട് അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളെ തകിടം മറിച്ചിരിക്കുകയാണ്. ഇരുകൂട്ടരും തങ്ങളുടെ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നതോടെ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z




