ഒട്ടാവ: കാനഡയിൽ പുതിയ നിയമപ്രകാരം പൗരത്വം ലഭിച്ച ഏതാനും വ്യക്തികളോട് പൗരത്വ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ ആവശ്യപ്പെട്ട് ഇമെയിൽ അയച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് കുടിയേറ്റ വകുപ്പ് മന്ത്രി ലെന ഡിയാബ്. എന്തുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് കണ്ടെത്താനാണ് അന്വേഷണം. കഴിഞ്ഞ ആഴ്ചയാണ് ചിലർക്ക് ഇത്തരത്തിൽ ഇമെയിൽ സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ പുതിയ പൗരത്വ അപേക്ഷകൾക്ക് അന്തിമ അംഗീകാരം നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും എല്ലാ അപേക്ഷകളും വീണ്ടും പരിശോധിച്ചുവരികയാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ “ലോസ്റ്റ് കനേഡിയൻസ്” (Lost Canadians) നിയമപ്രകാരം പൗരത്വം നേടിയ ഏതാനും ആളുകൾക്കാണ് പൗരത്വ രേഖകൾ തിരികെ നൽകാൻ ആവശ്യപ്പെട്ട് ഇമെയിലുകൾ ലഭിച്ചത്. 2025 ഡിസംബർ 15-ന് മുമ്പ് ജനിച്ചവർക്കും കനേഡിയൻ വംശപരമ്പര തെളിയിക്കാൻ കഴിയുന്നവർക്കും പൗരത്വം നൽകുന്നതാണ് ഈ പുതിയ നിയമം. ഇത്തരത്തിൽ പൗരത്വം നേടി, ഇതിനകം കനേഡിയൻ പാസ്‌പോർട്ട് കൈപ്പറ്റിയ ചിലരോടും പാസ്‌പോർട്ടുകൾ തിരികെ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഈ നിയമപ്രകാരം അംഗീകരിച്ച 4,100 പൗരത്വ അപേക്ഷകളും വകുപ്പ് ഇപ്പോൾ വീണ്ടും പുനഃപരിശോധിച്ചു വരികയാണ്.
ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണം പൂർത്തിയാക്കി കാനഡക്കാർക്ക് വ്യക്തമായ മറുപടി നൽകുമെന്നും മന്ത്രി ലെന ഡിയാബ് വ്യക്തമാക്കി. അതേസമയം, പൗരത്വ സർട്ടിഫിക്കറ്റുകൾ തിരികെ നൽകാൻ നിർദേശം ലഭിച്ച ചിലർക്ക്, പരിശോധനയ്ക്ക് ശേഷം പൗരത്വം സ്ഥിരീകരിച്ചുകൊണ്ട് പിന്നീട് പുതിയ ഇമെയിലുകൾ അയച്ചിട്ടുണ്ട്. പൗരത്വ രേഖ ലഭിച്ച ശേഷം കാനഡയിലേക്ക് താമസം മാറിയവരുടെ നിലവിലെ പദവിക്ക് ഈ പരിശോധനക്കാലത്ത് യാതൊരു ഭീഷണിയുമുണ്ടാകില്ലെന്നും അവർക്ക് ജോലി തുടരുന്നതിൽ തടസ്സമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Immigration Minister Lena Diab orders investigation into Canada over citizenship documents





