ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ലഖ്നൗവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ ഹൈജാക്ക് ഭീഷണിക്കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് വിമാനം ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. 178 യാത്രക്കാരുമായി വൈകുന്നേരം 5:50-ന് പുറപ്പെട്ട 6E451 നമ്പർ വിമാനത്തിലാണ് സംഭവം. കൃത്യം 6:30-ന് വിമാനം തട്ടിക്കൊണ്ടുപോകുമെന്നും ഇത് അവഗണിച്ചാൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമായിരുന്നു കുറിപ്പിലെ ഭീഷണി.
വിമാനത്തിലെ ശുചിമുറി ഉപയോഗിച്ച യാത്രക്കാരനാണ് കുറിപ്പ് ആദ്യം കണ്ടത്. ഉടൻ തന്നെ വിവരം ക്യാബിൻ ക്രൂവിനെയും തുടർന്ന് പൈലറ്റിനെയും അറിയിക്കുകയായിരുന്നു. പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി (ATC) അടിയന്തരമായി ബന്ധപ്പെടുകയും സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം ബെംഗളൂരുവിലേക്ക് തന്നെ തിരിച്ചുവിടാൻ തീരുമാനിക്കുകയുമായിരുന്നു.
കെംപെഗൗഡ വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ ഉടനടി പുറത്തിറക്കി. തുടർന്ന് ബോംബ് സ്ക്വാഡും മറ്റ് ഉയർന്ന സുരക്ഷാ ഏജൻസികളും ചേർന്ന് വിമാനത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി. പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ALSO READ: 8 ഡോളറുമായി കാനഡയിലെത്തിയ ഇന്ത്യക്കാരൻ; സെയിൽസ്മാനിൽ നിന്ന് ഐഡിബിഐ ബാങ്കിന്റെ അമരക്കാരനിലേക്ക്
വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ ആരോ തന്നെയാണ് ഭീഷണിക്കുറിപ്പ് വച്ചതെന്ന സംശയത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. ഇതിന്റെ ഭാഗമായി യാത്രക്കാരെയും ജീവനക്കാരെയും ചോദ്യം ചെയ്തു വരികയാണ്. സുരക്ഷാ ഏജൻസികളുടെ പൂർണ്ണ പരിശോധനകൾക്കും വ്യക്തമായ അനുമതിക്കും ശേഷം മാത്രമേ വിമാനം ലഖ്നൗവിലേക്ക് വീണ്ടും യാത്ര തിരിക്കൂ എന്ന് വിമാനക്കമ്പനി അധികൃതർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





