യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതി അവസാനിപ്പിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി മുതൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കും. പുതിയ സേവന ദാതാക്കളായ ‘അൽഹിന്ദ്’ ഗ്രൂപ്പിന്റെ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകുന്നതിനെത്തുടർന്ന് ഓഫീസുകളിൽ അനുഭവപ്പെടുന്ന വൻ തിരക്ക് നിയന്ത്രിക്കാനാണ് ഈ പുതിയ നടപടി.
സേവനങ്ങൾ ആവശ്യമുള്ളവർ book.passportindiauae.com എന്ന പുതിയ പോർട്ടൽ വഴി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ടതാണ്. അടുത്ത ദിവസത്തെ സേവനങ്ങൾക്കുള്ള അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ എല്ലാ ദിവസവും രാത്രി 8 മണിക്ക് പോർട്ടലിൽ ലഭ്യമാകും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്തേക്കാണ് അപ്പോയിന്റ്മെന്റുകൾ നൽകുന്നത്. നിർദ്ദിഷ്ട സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ അപേക്ഷകരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
തിരക്ക് ഒഴിവാക്കുന്നതിനായി അപേക്ഷകനെ മാത്രമേ കോൺസുലാർ ഓഫീസിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ. എന്നാൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അപേക്ഷകൾ സമർപ്പിക്കാൻ മാതാപിതാക്കൾ രണ്ടുപേരും ഒപ്പമുണ്ടാകണം. പുതുതായി ജനിച്ച കുട്ടികളുടെ പാസ്പോർട്ട് അപേക്ഷകൾക്കും, അടിയന്തിരമായി നാട്ടിലേക്ക് പോകാൻ പാസ്പോർട്ടിന് പകരം നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റുകൾക്കും (EC) മുൻഗണന നൽകുമെന്നും അധികൃതർ അറിയിച്ചു.
അപേക്ഷകർ ഫോമുകൾ പൂർണ്ണമായും പൂരിപ്പിച്ച് ആവശ്യമായ രേഖകളുമായി വേണം ഓഫീസുകളിലെത്താൻ. പാസ്പോർട്ട് ഫോമുകൾ mportal.passportindia.gov.in/mission/ എന്ന വെബ്സൈറ്റ് വഴി പൂരിപ്പിക്കാം. വെള്ള പശ്ചാത്തലത്തിലുള്ള ഫോട്ടോയും ഒപ്പും കൃത്യമായി അപ്ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് പണമായി (Cash) മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ കൃത്യമായ തുക കയ്യിൽ കരുതണം. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതുക്കിയ ഫീസ് ഘടനയാണ് ഇതിനായി ഈടാക്കുക. അബുദാബി എംബസിയിലേക്ക് അൽ സഫാരത് സ്ട്രീറ്റിലുള്ള മെയിൻ ഗേറ്റ് വഴിയും ദുബായ് കോൺസുലേറ്റിലേക്ക് ഗേറ്റ് നമ്പർ 1 വഴിയുമാണ് പ്രവേശനം.
Indian passport services in UAE; Appointment at Dubai Consulate mandatory
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt





