വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലുള്ള സറി നഗരത്തിൽ പഞ്ചാബ് സ്വദേശിയായ 24 വയസ്സുകാരനും 23 വയസ്സുകാരിയായ കാമുകിയും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. സറിയിലെ 88 അവന്യൂവിനും 124 സ്ട്രീറ്റിനും സമീപമുള്ള വാൾമാർട്ട് സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്തുവെച്ച് നവംബർ 15-ന് രാത്രി 10:38-ഓടെയാണ് സംഭവമുണ്ടായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പക കാരണം മുൻകൂട്ടി പ്ലാൻ ചെയ്ത് നടത്തിയ ആക്രമണമാണിതെന്ന് കനേഡിയൻ പോലീസ് സംശയിക്കുന്നു.
കൊല്ലപ്പെട്ട യുവാവ് ഗാരി റെഹാൽ ആണെന്ന് അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതിയുടെ പേരുവിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്പ് നടന്നയുടൻ സറി പോലീസും അടിയന്തര രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ഇരുവരുടെയും മരണം സംഭവിക്കുകയായിരുന്നു. വെടിയേറ്റതിന്റെ അടയാളങ്ങളുള്ള ഒരു ചുവന്ന കാർ സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.
വെടിവയ്പ്പുണ്ടായി ഏകദേശം 13 മിനിറ്റിന് ശേഷം സമീപപ്രദേശമായ പ്രിൻസസ് ഡ്രൈവിൽ ഒരു വെളുത്ത കാർ കത്തിനശിച്ച നിലയിൽ പോലീസ് കണ്ടെത്തി. അക്രമികൾ കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ ഉപയോഗിച്ച വാഹനമാണിതെന്ന് അന്വേഷണ സംഘം കരുതുന്നു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. പ്രാഥമിക തെളിവുകൾ പ്രകാരം ഇത് യാദൃച്ഛികമായി നടന്ന ആക്രമണമല്ലെന്നും കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും സർജന്റ് ഫ്രെഡ ഫോങ് വ്യക്തമാക്കി.
Also Read: സ്വന്തം സാങ്കേതികവിദ്യ മറ്റു രാജ്യങ്ങൾ വാങ്ങുന്നു, കാനഡ മാത്രം പിന്നിലോ? സമുദ്ര സുരക്ഷയിൽ ആശങ്ക
കൊല്ലപ്പെട്ട ഗാരി റെഹാൽ മുൻപ് ആയുധക്കേസുകളിൽ പോലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തിയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം മറ്റൊരു സംഘം ഏറ്റെടുത്തതായി വിവരങ്ങളുണ്ടെങ്കിലും പോലീസ് ഇത് ശരിവെച്ചിട്ടില്ല. ഇന്ത്യക്കാരടക്കമുള്ള ആളുകൾ കൂടുതലായി താമസിക്കുന്ന സറിയിൽ അടുത്തിടെയുണ്ടായ വെടിവയ്പ്പുകളുടെ ഭാഗമായാണ് ഈ സംഭവത്തെയും പോലീസ് കാണുന്നത്. കുറ്റവാളികളെ പിടികൂടാൻ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പോലീസ് പരിശോധിച്ചുവരികയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





