ഒട്ടാവ: കാനഡയിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യൻ ജനസംഖ്യ വർധിച്ചുവരുന്ന തിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ഒരു വിഡിയോ. ലോചവ് രവി എന്ന ഇന്ത്യൻ യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഈ വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുകയാണ്. വിൻഡ്‌സർ-ഡിട്രോയിറ്റ് നദീതീരത്ത് നിന്ന് ചിത്രീകരിച്ച വിഡിയോയിൽ, യുവാവ് പറയുന്നത് താൻ കണ്ട പത്തിൽ എട്ട് പേരും ഇന്ത്യക്കാരാണെന്നാണ്. കാനഡയിൽ പഠനത്തിനും ജോലിക്കുമായി എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ അടുത്തിടെ വലിയ വർധനവുണ്ടായിട്ടുണ്ട്.
ഇവർ കഠിനാധ്വാനികളും സ്വന്തം സംസ്കാരത്തെ ബഹുമാനിക്കുന്നവരുമാണെന്ന് വിഡിയോയിൽ യുവാവ് പറയുന്നു. എന്നാൽ, ഈ വർധനവ് തദ്ദേശീയർക്ക് തങ്ങളുടെ രാജ്യം ഇന്ത്യക്കാർ കീഴടക്കിയെന്ന തോന്നലുണ്ടാക്കിയേക്കാമെന്നും വിഡിയോ ചൂണ്ടിക്കാണിക്കുന്നു. ‘കാനഡ കാൻഇന്ത്യയായി മാറി’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വിഷയത്തെക്കുറിച്ച് ആളുകളുടെ അഭിപ്രായവും യുവാവ് ചോദിക്കുന്നുണ്ട്.
കാനഡയിൽ നിന്ന് ഇതിനുമുമ്പും ഇന്ത്യക്കാരുമായി ബന്ധപ്പെട്ട നിരവധി ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്. നദീതീരത്ത് ഗംഗാ ആരതി നടത്തുന്നതും, തടാകത്തിൽ സോപ്പുപയോഗിച്ച് കുളിക്കുന്നതുമായ വിഡിയോകൾ മുൻപ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
അതേസമയം, ചില രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് നേരെ വംശീയാതിക്രമങ്ങൾ നടക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരം സംഭവങ്ങളെ അതാത് രാജ്യങ്ങളിലെ പൗരന്മാർ തന്നെ ശക്തമായി വിമർശിക്കാറുണ്ട്. ഈ സാഹചര്യത്തിൽ, കാനഡയിൽ വർധിച്ചുവരുന്ന ഇന്ത്യൻ ജനസംഖ്യ സംബന്ധിച്ച പുതിയ വിഡിയോ ചർച്ചകൾക്ക് വഴിവെക്കുകയാണ്.



