ഒട്ടാവ: കാനഡയുമായി മികച്ച നയതന്ത്രബന്ധം സ്ഥാപിക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നതായി ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്. കാനഡ-ഇന്ത്യ ബിസിനസ് കൗൺസിൽ (C-IBC) ടൊറന്റോയിൽ സംഘടിപ്പിച്ച ‘ഇന്ത്യ ഇൻസൈറ്റ്സ് ഫോറ’ത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “സ്ഥിരതയുള്ളതും ഘടനാപരവുമായ ബന്ധമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ എന്ത് മാറ്റങ്ങൾ സംഭവിച്ചാലും മാറ്റമില്ലാത്ത ഒരു ഘടനാപരമായ ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഹൈക്കമ്മീഷണർ ഊന്നിപ്പറഞ്ഞു. ഊർജ്ജം, വിദ്യാഭ്യാസം, ആണവം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ സംയുക്ത പ്രവർത്തന ഗ്രൂപ്പുകൾ പോലുള്ള സ്ഥാപനപരമായ സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
എന്നാൽ, ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുകയും രാജ്യത്തിന്റെ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്ന ‘ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെ’ കുറിച്ച് പട്നായിക് തന്റെ പ്രസംഗത്തിനിടെ ഒരു സൂചനയും നൽകിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
2023 സെപ്തംബർ 18-ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ച് കൊല്ലപ്പെട്ട ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ പ്രസ്താവിച്ചതിനെത്തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഈ ആരോപണങ്ങളെ ഇന്ത്യ അസംബന്ധമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് മാർക്ക് കാർണി അധികാരത്തിൽ വന്നതോടെ ഇരുരാജ്യങ്ങളും വീണ്ടും അടുക്കുന്നത്. അതേസമയം, നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം അറസ്റ്റിലായ നാല് ഇന്ത്യൻ പൗരന്മാരുടെ വിചാരണ അടുത്ത വർഷം ഓഗസ്റ്റിലോ അതിന് ശേഷമോ ബ്രിട്ടീഷ് കൊളംബിയയിൽ ആരംഭിക്കാൻ സാധ്യതയുണ്ട്. ഇതിന് ശേഷവും നയതന്ത്രബന്ധം ഉലയാതെ കാത്ത് സൂക്ഷിക്കാനാണ് ഇരു രാജ്യങ്ങളുടെയും നിലവിലെ ശ്രമം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
India looking at ‘structured relationship’ with Canada: High commissioner



