ഒട്ടാവ: കാനഡയിലെ ടൂറിസം മേഖലയിൽ വിദേശികളെ നിയമവിരുദ്ധമായി ജോലിക്ക് എത്തിച്ച സംഭവത്തിൽ ഒന്റാറിയോ സ്വദേശിക്ക് കനത്ത ശിക്ഷ വിധിച്ച് കോടതി. ‘വൺ ടീം’ (One Team) എന്ന റിക്രൂട്ട്മെന്റ് ഏജൻസിയുടെ ഉടമയായ കെവിൻ കീൽറ്റിക്കാണ് ആൽബർട്ട കോടതി ശിക്ഷ വിധിച്ചത്. 70,000 കനേഡിയൻ ഡോളർ പിഴയ്ക്ക് പുറമെ രണ്ട് വർഷത്തെ പ്രൊബേഷനും 50 മണിക്കൂർ സാമൂഹിക സേവനവുമാണ് ശിക്ഷ.
ബാഫ് (Banff) നാഷണൽ പാർക്ക് മേഖലയിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും വൻതോതിൽ വിദേശികൾ നിയമവിരുദ്ധമായി ജോലി ചെയ്യുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് 2022 ജൂണിലാണ് കാനഡ ബോർഡർ സർവീസസ് ഏജൻസിയും (CBSA) റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും (RCMP) സംയുക്ത അന്വേഷണം ആരംഭിച്ചത്. ഒന്റാറിയോയിൽ നിന്ന് ഒരു സംഘം ആളുകൾ ആൽബർട്ടയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ ജോലി ചെയ്യുന്നതിനായി എത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ ചുരുളഴിയുന്നത്.
ബാഫ്, ജാസ്പർ (Jasper) മേഖലകളിലെ നാല് പ്രമുഖ റിസോർട്ട് ഹോട്ടലുകളിലായി 90 മെക്സിക്കൻ സ്വദേശികളാണ് മതിയായ രേഖകളില്ലാതെ ജോലി ചെയ്തിരുന്നത്. ‘വൺ ടീം’ എന്ന ഏജൻസി വഴിയാണ് ഇവരെ നിയമവിരുദ്ധമായി കാനഡയിലെത്തിച്ച് ജോലിക്ക് നിയോഗിച്ചതെന്ന് സിബിഎസ്എ സ്ഥിരീകരിച്ചു. ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് (IRPA) പ്രകാരം വിദേശികളെ തൊഴിൽ നിയമങ്ങൾ ലംഘിച്ച് ജോലിക്ക് വച്ചതിനാണ് ഏജൻസി ഉടമ കെവിൻ കീൽറ്റിക്കെതിരെ കേസെടുത്തത്. 2024 മെയ് മാസത്തിൽ കുറ്റം ചുമത്തപ്പെട്ട ഇയാൾ, കഴിഞ്ഞ മാർച്ചിൽ കോടതിയിൽ കുറ്റസമ്മതം നടത്തിയിരുന്നു.
ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ചതിന് കെവിൻ കീൽറ്റി ശിക്ഷിക്കപ്പെടുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ 2023 നവംബറിൽ സമാനമായ തൊഴിൽ നിയമ ലംഘനങ്ങൾക്ക് ഒന്റാറിയോയിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് 18 മാസത്തെ വീട്ടുതടങ്കലിനാണ് (House arrest) കോടതി ശിക്ഷിച്ചിരുന്നത്. ഈ ശിക്ഷാ കാലാവധി നിലനിൽക്കെയാണ് ആൽബർട്ടയിലെ പുതിയ കേസിൽ വീണ്ടും കോടതി കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നവർക്കും തൊഴിലാളികളെ ചൂഷണം ചെയ്യുന്നവർക്കും ഇതൊരു മുന്നറിയിപ്പാണെന്ന് സിബിഎസ്എ പ്രതിനിധി ജനാലി ബെൽ-ബോയ്ചുക്ക് വ്യക്തമാക്കി. ഇമിഗ്രേഷൻ സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാൻ കർശനമായ പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു. കാനഡയിൽ ജോലി തേടുന്ന വിദേശികൾ ഉൾപ്പെടെയുള്ളവർ അംഗീകൃത ഏജൻസികൾ വഴി മാത്രം അപേക്ഷിക്കാൻ ശ്രദ്ധിക്കണമെന്ന് ഇമിഗ്രേഷൻ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
Illegal recruitment in Canada; Agency owner fined $70,000 and jailed, warning to Malayalis and others
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



