ബീജിംഗ്: ഹാഫ് മാരത്തോൺ ഓട്ടമത്സരത്തിൽ മനുഷ്യനെ അമ്പരപ്പിക്കുന്ന വേഗത്തിൽ മറികടന്ന് ഹ്യൂമനോയിഡ് റോബോട്ട് റെക്കോർഡ് സൃഷ്ടിച്ചു. ചൈനീസ് തലസ്ഥാനമായ ബീജിംഗിൽ നടന്ന മത്സരത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കരുത്തിൽ പ്രവർത്തിക്കുന്ന റോബോട്ട് 21.1 കിലോമീറ്റർ ദൂരം വെറും 50 മിനിറ്റ് 26 സെക്കൻഡിൽ ഓടിയെത്തിയത്.
മത്സരത്തിൽ ഏറ്റവും വേഗത്തിൽ ഓടിയെത്തിയ മനുഷ്യൻ ഒരു മണിക്കൂർ 7 മിനിറ്റ് 47 സെക്കൻഡിൽ ദൂരം പിന്നിട്ടപ്പോഴാണ്, പത്ത് മിനിറ്റിലധികം വ്യത്യാസത്തിൽ റോബോട്ട് നേട്ടം കൈവരിച്ചത്. ചൈനീസ് ടെക് കമ്പനിയായ ‘ഹോണർ’ വികസിപ്പിച്ചെടുത്ത റോബോട്ടാണ് ഈ അത്ഭുത പ്രകടനം നടത്തിയത്.
നൂറിലധികം റോബോട്ടുകൾ മനുഷ്യർക്കൊപ്പം പങ്കെടുത്ത മത്സരത്തിൽ സുരക്ഷയ്ക്കായി ഇരുവിഭാഗത്തെയും ബാരിക്കേഡുകൾ ഉപയോഗിച്ച് വേർതിരിച്ചിരുന്നു. മുൻവർഷങ്ങളെ അപേക്ഷിച്ച് റോബോട്ടുകളുടെ ബാലൻസിലും വേഗതയിലും വലിയ പുരോഗതി ഇത്തവണ ദൃശ്യമായി. പങ്കെടുത്തവയിൽ 40 ശതമാനവും സ്വന്തം സെൻസറുകളും എഐ സംവിധാനവും ഉപയോഗിച്ച് സ്വയം പ്രവർത്തിക്കുന്നവയായിരുന്നു.
ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിലെ ചൂട് ക്രമീകരിച്ചാണ് റോബോട്ട് ദീർഘദൂരം ഓട്ടം പൂർത്തിയാക്കിയത്. ലക്ഷ്യസ്ഥാനത്തിന് തൊട്ടുമുമ്പ് റോബോട്ട് റെയിലിംഗിൽ തട്ടിയത് ചെറിയ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും, ഭാവിയിൽ റോബോട്ടുകളുടെ ചലനശേഷിയിൽ വലിയ മാറ്റങ്ങൾ ഈ നേട്ടം കൊണ്ടുവരുമെന്നാണ് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തൽ.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Humanoid robot beats humans in race, covering 21.1 km in 50 minutes 26 seconds






