ബ്രസ്സൽസ്: യൂറോപ്യൻ രാജ്യങ്ങളിൽ കാട്ടുതീ വ്യാപിക്കുന്നത് പ്രതിരോധിക്കാൻ കാനഡയുടെ പ്രശസ്തമായ ‘Canadair 515’ വാട്ടർ ബോംബർ വിമാനങ്ങൾക്ക് ആവശ്യക്കാറേറുന്നു. വെറും 12 സെക്കൻഡിനുള്ളിൽ 6,000 ലിറ്റർ വെള്ളം ശേഖരിച്ച് തീപിടിത്തമുള്ള പ്രദേശങ്ങളിൽ ഒഴുക്കാൻ ശേഷിയുള്ള ഈ വിമാനങ്ങൾ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച അഗ്നിശമന വിമാനങ്ങളില ഒന്നായാണ് അറിയപ്പെടുന്നത്. നിലവിൽ ഫ്രാൻസിന്റെ പക്കലുള്ള 12 വിമാനങ്ങളിൽ ഏഴെണ്ണം മാത്രമാണ് അടുത്തിടെയുണ്ടായ തീപിടിത്ത സമയത്ത് പ്രവർത്തിച്ചത്. ഈ സാഹചര്യം കണക്കിലെടുത്ത് 22 പുതിയ വിമാനങ്ങൾക്ക് യൂറോപ്യൻ രാജ്യങ്ങൾ ഓർഡർ നൽകിയിട്ടുണ്ട്.
എന്നാൽ, വിമാന നിർമാണത്തിലെ താമസം കാരണം ഓർഡർ നൽകിയ രാജ്യങ്ങൾക്ക് ഇവ ലഭ്യമാകാൻ വർഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും. 2015-ൽ നിർമാണം നിർത്തിവെച്ച പദ്ധതി 2022-ൽ ‘ഡി ഹാവിലാൻഡ് കാനഡ’ കമ്പനി പുനരാരംഭിച്ചെങ്കിലും, വിതരണ ശൃംഖല പുനഃസ്ഥാപിക്കാനുള്ള കാലതാമസമാണ് തിരിച്ചടിയാകുന്നത്. ഒരു വിമാനത്തിന് ഏകദേശം 50,000 ഭാഗങ്ങൾ ആവശ്യമുണ്ട്. പുതിയ ഓർഡറുകളിലെ ആദ്യ വിമാനം 2028-ൽ മാത്രമേ ലഭിക്കൂ. ഫ്രാൻസ് ഓർഡർ ചെയ്ത നാല് വിമാനങ്ങളിൽ അവസാനത്തേത് ലഭിക്കാൻ 2032 വരെ സമയമെടുക്കും. 50 വിമാനങ്ങൾ വാങ്ങുമെന്ന് കനേഡിയൻ സർക്കാർ ഉറപ്പുനൽകിയാൽ കൂടുതൽ നിക്ഷേപത്തോടെ മറ്റൊരു ഉൽപ്പാദന കേന്ദ്രം തുടങ്ങാമെന്നാണ് കമ്പനിയുടെ നിലപാട്.
അതേസമയം, വിമാനങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ യൂറോപ്യൻ കമ്പനികൾ സ്വന്തമായി ബദൽ മാർഗങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഫ്രാൻസ് അവരുടെ A400M സൈനിക വിമാനത്തിൽ മാറ്റങ്ങൾ വരുത്തി, ഒരേസമയം 20,000 ലിറ്റർ വെള്ളമോ റിട്ടാർഡന്റോ ഒഴുക്കാൻ സാധിക്കുന്ന തരത്തിൽ പരിഷ്കരിക്കുന്നുണ്ട്. അഗ്നിശമന മേഖലയിൽ കാനഡയ്ക്ക് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തും വിശ്വസ്തതയുമുണ്ടെങ്കിലും, കാട്ടുതീ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ വിമാന ഉൽപ്പാദനം വേഗത്തിലാക്കിയില്ലെങ്കിൽ മറ്റ് ഓപ്ഷനുകളിലേക്ക് രാജ്യങ്ങൾ മാറിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Wildfires spread across Europe; huge demand for Canada’s ‘Canadair 515’ water-bomber aircraft.





