ഡിജിറ്റൽ കണ്ടന്റ് സൃഷ്ടിക്കുന്നവർക്ക് ഇന്ന് ഏറ്റവും ലാഭകരമായ പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്. വിനോദം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ലൈഫ് സ്റ്റൈൽ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള ലക്ഷക്കണക്കിന് വീഡിയോകളാണ് ഇവിടെ അപ്‌ലോഡ് ചെയ്യുന്നത്. ഉയർന്ന റീച്ച് ലഭിക്കുന്ന ഈ പ്ലാറ്റ്‌ഫോം വ്ലോഗർമാർക്കും ബിസിനസുകൾക്കും മികച്ചൊരു വരുമാന മാർഗ്ഗം കൂടിയാണ്. യൂട്യൂബ് ക്രിയേറ്റർമാർക്ക് പണം നൽകുന്നത് യൂട്യൂബ് പാർട്ണർ പ്രോഗ്രാം (YPP) വഴിയാണ്. ഈ പ്രോഗ്രാമിന്റെ ഭാഗമാകാൻ ഒരു ചാനലിന് കുറഞ്ഞത് 1000 സബ്‌സ്‌ക്രൈബേഴ്‌സും 12 മാസത്തിനുള്ളിൽ 4000 മണിക്കൂർ വാച്ച് അവറും ഉണ്ടായിരിക്കണം. അനുമതി ലഭിച്ചാൽ വീഡിയോകൾക്കിടയിൽ വരുന്ന പരസ്യങ്ങളിലൂടെ അവർക്ക് വരുമാനം ലഭിച്ചു തുടങ്ങും.
യൂട്യൂബ് വരുമാനം കണക്കാക്കുന്നതിന്റെ അടിസ്ഥാനം CPM (Cost Per Mille) അഥവാ ആയിരം പരസ്യ ഇംപ്രഷനുകൾക്ക് പരസ്യദാതാവ് നൽകുന്ന തുകയാണ്. എന്നാൽ, CPM തുകയുടെ 45 ശതമാനം യൂട്യൂബിനും 55 ശതമാനം മാത്രമാണ് ക്രിയേറ്ററിനും ലഭിക്കുക. വീഡിയോയുടെ ഉള്ളടക്കം, കാഴ്ചക്കാരന്റെ ലൊക്കേഷൻ, പരസ്യദാതാക്കളുടെ ഡിമാൻഡ് തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് CPM നിശ്ചയിക്കപ്പെടുന്നത്. പൊതുവായി 1000 വ്യൂവിന് ലഭിക്കാവുന്ന വരുമാനം 0.50 ഡോളറിനും 10 ഡോളറിനും ഇടയിലായിരിക്കും.
കണ്ടന്റിന്റെ വിഷയം അനുസരിച്ച് ഈ വരുമാനത്തിൽ വലിയ മാറ്റങ്ങൾ വരും. ഉദാഹരണത്തിന്, വിനോദമോ വ്ലോഗോ ആണെങ്കിൽ 1000 വ്യൂവിന് 0.50 ഡോളർ മുതൽ 2 ഡോളർ വരെയാണ് ലഭിക്കാൻ സാധ്യത. എന്നാൽ, ടെക്നോളജി/ഗാഡ്‌ജെറ്റ്‌സ് വിഷയങ്ങൾക്ക് 2 മുതൽ 4 ഡോളർ വരെയും വിദ്യാഭ്യാസപരമായ വീഡിയോകൾക്ക് 1 മുതൽ 4 ഡോളർ വരെയും ലഭിക്കാം. ഇതിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് ഫിനാൻസ്-ബിസിനസ് വിഭാഗത്തിനാണ്. സാമ്പത്തിക ഉപദേശങ്ങൾ, ബിസിനസ് ടിപ്പുകൾ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ ഉള്ളടക്കങ്ങൾക്ക് പരസ്യദാതാക്കൾ 5 മുതൽ 10 ഡോളർ വരെ നൽകാൻ തയ്യാറാകാറുണ്ട്.
യൂട്യൂബ് ഏർണിങ് കാൽക്കുലേറ്റർ പോലുള്ള ഓൺലൈൻ ടൂളുകൾ ഉപയോഗിച്ച് ക്രിയേറ്റർമാർക്ക് അവരുടെ വരുമാനം കണക്കുകൂട്ടാം. ഒരു ചാനലിന് 100,000 വ്യൂവും അതിന്റെ CPM മൂന്ന് ഡോളറുമാണെന്ന് കരുതുക. അപ്പോൾ ആകെ വരുമാനം 300 ഡോളറായിരിക്കും. ഇതിൽ യൂട്യൂബിനുള്ള 45 ശതമാനം വിഹിതം (135 ഡോളർ) കുറച്ചാൽ ക്രിയേറ്ററിന് ഏകദേശം 165 ഡോളർ ലഭിക്കും. പരസ്യങ്ങൾ എത്രത്തോളം ലഭ്യമാണ്, കാഴ്ചക്കാർ പരസ്യം സ്‌കിപ്പ് ചെയ്യാതെ കാണുന്നുണ്ടോ എന്നിവയെ ആശ്രയിച്ച് കൃത്യമായി ലഭിക്കുന്ന തുകയിൽ മാറ്റങ്ങൾ വരാം.
പരസ്യവരുമാനത്തിനു പുറമെ ചാനൽ മെമ്പർഷിപ്പുകൾ, സൂപ്പർ സ്റ്റിക്കറുകൾ, ചാറ്റുകൾ, ബ്രാൻഡ് സ്പോൺസർഷിപ്പുകൾ, മെർച്ചന്റൈസ് വിൽപ്പന തുടങ്ങിയ മറ്റ് മാർഗ്ഗങ്ങളിലൂടെയും യൂട്യൂബ് ക്രിയേറ്റർമാർക്ക് മികച്ച വരുമാനം നേടാൻ സാധിക്കും. ഈ വിവിധ സ്രോതസ്സുകളിലൂടെയാണ് യൂട്യൂബ് ഇന്ന് ഒരു മുഴുസമയ കരിയറായി പലർക്കും മാറിയിരിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
How much do you get for 1000 views on YouTube? Income figures that content creators should know






