ഉന്നത പഠനത്തിനായി യുകെയിലേക്ക് പോയ തെലങ്കാന സ്വദേശിയായ ഇന്ത്യൻ വിദ്യാർത്ഥിയെ ലണ്ടനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലുള്ള തലമഡ്‌ല ഗ്രാമത്തിൽ താമസിക്കുന്ന എസ്. ശ്രീനാഥ് റെഡ്ഡി (25) ആണ് മരിച്ചത്. ഏകദേശം 14 മാസം മുമ്പ് ഉപരിപഠനത്തിനായി ലണ്ടനിലേക്ക് കുടിയേറിയ ശ്രീനാഥ്, ലെസ്റ്ററിലെ ഡി മോണ്ട്ഫോർട്ട് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്നു.
കഴിഞ്ഞ ജൂൺ 22-ന് രാത്രിയും ശ്രീനാഥ് നാട്ടിലുള്ള കുടുംബവുമായി ഫോണിൽ സംസാരിച്ചിരുന്നു. സംഭാഷണത്തിൽ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും അന്നേ ദിവസം രാത്രി ശ്രീനാഥ് ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുത്തിരുന്നതായും പിതാവ് മധുസൂദനൻ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ തൊട്ടടുത്ത ദിവസം (ജൂൺ 23) രാവിലെ ശ്രീനാഥിനെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശ്രീനാഥ് ആത്മഹത്യ ചെയ്തതാണെന്ന് റൂംമേറ്റ് സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ടെങ്കിലും മരണകാരണത്തെക്കുറിച്ച് യുകെ അധികൃതർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല. സുഹൃത്തുക്കൾ വഴിയാണ് മരണവിവരം അറിഞ്ഞതെന്നും സംഭവത്തിൽ വ്യക്തത വന്നിട്ടില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
ഏക മകന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുന്ന കുടുംബം, ശ്രീനാഥിന്റെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര-തെലങ്കാന സർക്കാരുകളുടെ അടിയന്തര ഇടപെടലും സഹായവും അഭ്യർത്ഥിച്ചു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഭീമമായ ചെലവുകൾ കണ്ടെത്തുന്നതിനായി ശ്രീനാഥിന്റെ ബന്ധുക്കൾ ‘GoFundMe’ വഴി ക്രൗഡ് ഫണ്ടിംഗ് പേജും ആരംഭിച്ചിട്ടുണ്ട്. പിതാവ് മധുസൂദനൻ റെഡ്ഡിയും ബന്ധുക്കളും മകന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു.
Hours after birthday celebration; mystery surrounding Indian student’s death in London
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





