ഒരു വളയെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവബഹുലമായ കഥയാണ് ‘വള’ പറയുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മുഹാഷിനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ‘ഉണ്ട’, ‘പുഴു’ തുടങ്ങിയ മമ്മൂട്ടി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് വളയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചുകൊണ്ടുള്ള റിലീസ് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിജയരാഘവൻ, ശാന്തികൃഷ്ണ എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെയർബെ ഫിലിംസാണ് ‘വള’ നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസാണ് ചിത്രത്തിൻ്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.
ചിത്രത്തിന്റെ സംഗീത അവകാശം തിങ്ക് മ്യൂസിക്കിനാണ്. പ്രശസ്ത സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടക്കുന്നു എന്നത് വളയുടെ മറ്റൊരു പ്രത്യേകതയാണ്. അബു സലീം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.





