കാനഡയിലേക്ക് പ്ലേസ്റ്റേഷൻ 5, ഷൂ സോൾ, ടീപോട്ട്, ചൈനീസ് ഔഷധ പാക്കറ്റുകൾ തുടങ്ങിയ സാധാരണ വസ്തുക്കളിൽ ഒളിപ്പിച്ച്, ഫെന്റനിലിനെക്കാൾ 40 മടങ്ങ് വരെ ശക്തിയുള്ള നൈറ്റസീനുകൾ എന്ന അതിമാരക മയക്കുമരുന്ന് കടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. ഈ മയക്കുമരുന്ന് ഇതിനോടകം കാനഡയിൽ നൂറുകണക്കിന് മരണങ്ങൾക്ക് കാരണമായിട്ടുണ്ട്. “കിം” എന്ന് പരിചയപ്പെടുത്തിയ ഒരാൾ വീഡിയോ കോളിലൂടെ ഈ മാരക രാസവസ്തു കൊക്കെയ്ൻ, മെത്ത്, എംഡിഎംഎ എന്നിവയോടൊപ്പം വിൽക്കുന്നതായി വെളിപ്പെടുത്തി. കൊറിയർ, തപാൽ സർവീസുകൾ വഴിയാണ് ഇത് കാനഡയിലേക്ക് എത്തുന്നത്.
ഇന്റർനെറ്റിലെ പ്രമുഖ പ്ലാറ്റ്ഫോമുകളായ ലിങ്ക്ഡിൻ, റെഡിറ്റ്, അഡോബിയുടെ ബെഹാൻസ്, അതുപോലെ ഡയൽ4ട്രേഡ്, ട്രേഡ്ഇന്ത്യ പോലുള്ള ഇന്ത്യൻ ഇ-കൊമേഴ്സ് സൈറ്റുകളിലും ഈ മയക്കുമരുന്നിന്റെ പരസ്യങ്ങൾ വ്യാപകമായി കണ്ടെത്തി. ചില പരസ്യങ്ങൾ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം പ്രതികരണങ്ങൾ ലഭിക്കുകയും, വിതരണക്കാർ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ ലാബുകളുടെയും ഉൽപ്പന്നങ്ങളുടെയും വീഡിയോകൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഈ പരസ്യങ്ങളിൽ പലതും പിന്നീട് നീക്കം ചെയ്യപ്പെട്ടു.
2021 മുതൽ നൈറ്റസീനുകൾ കാരണം കാനഡയിൽ ഏകദേശം 400 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ ആൽബെർട്ടയിൽ 121, ക്യൂബെക്കിൽ 91, ബ്രിട്ടീഷ് കൊളംബിയയിൽ 81 എന്നിങ്ങനെയാണ് മരണസംഖ്യ. ചൈന, ഇന്ത്യ, യുകെ, ഫിലിപ്പീൻസ് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടുള്ള ആഗോള വ്യാപാര ശൃംഖല വഴിയാണ് നൈറ്റസീനുകൾ കാനഡയിൽ എത്തുന്നത്. വിതരണക്കാർ സൗജന്യ സാമ്പിളുകൾ നൽകുന്നതായും സുരക്ഷിതമായ കടത്തിനുള്ള വ്യാജ കമ്പനി വിലാസങ്ങൾ ഒരുക്കാമെന്നും വാഗ്ദാനം ചെയ്തിരുന്നു.
“ഇവർക്ക് മനുഷ്യജീവിതത്തെക്കുറിച്ച് ഒരു പരിഗണനയുമില്ല,” നൈറ്റസീൻ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ രക്ഷിതാക്കൾ വേദനയോടെ പ്രതികരിച്ചു. ഫെന്റനിലിന്റെ വിഷയങ്ങളിൽ ഉത്തരവാദിത്തമുള്ള കെവിൻ ബ്രോസോ, ഫെഡറൽ സർക്കാർ അവതരിപ്പിച്ച ബിൽ C-2 (സ്ട്രോങ് ബോർഡേഴ്സ് ആക്ട്) വഴി നിയമനടപടികൾ ശക്തമാക്കുമെന്ന് അറിയിച്ചു.
എന്നാൽ, കാനഡ പോസ്റ്റിന് കൂടുതൽ പരിശോധനാധികാരം നൽകുന്ന ഈ നിയമം വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നും, സർക്കാരിന്റെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 300-ലധികം സാമൂഹിക സംഘടനകൾ ഈ ബിൽ പൂർണ്ണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.



