ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതിയില്ലാതെ പറന്നത് അതീവ ഗുരുതരമായ സുരക്ഷാലംഘനമാണെന്ന് എഡിജിപി എസ്. ശ്രീജിത്തിന്റെ അന്വേഷണ റിപ്പോർട്ട്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്നിധാനത്തെ അതീവ സുരക്ഷാ മേഖലയിൽ ഹെലികോപ്റ്റർ വട്ടമിട്ട് പറന്നത്. കൊടിമരത്തിന് വെറും അഞ്ചടി മാത്രം ഉയരത്തിൽ നാലു തവണ ഹെലികോപ്റ്റർ പറന്നതായും, ഇതിലുണ്ടായിരുന്നവർ ശ്രീകോവിലിന്റെ ചിത്രങ്ങൾ പകർത്തിയതായും സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. വിവിഐപി വിമാനങ്ങൾക്കും ഡ്രോണുകൾക്കും പോലും കർശന നിയന്ത്രണമുള്ള മേഖലയിൽ കോസ്റ്റ് ഗാർഡിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിയിൽ വിശദമായ അന്വേഷണം വേണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
കാലാവസ്ഥ മോശമായതിനാലാണ് ദിശ തെറ്റി സന്നിധാനത്തിന് മുകളിലെത്തിയതെന്ന കോസ്റ്റ് ഗാർഡിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് എഡിജിപി വ്യക്തമാക്കി. ആ ദിവസത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പരിശോധിക്കാനും ഹെലികോപ്റ്റർ പറത്തിയ പൈലറ്റുമാരുടെ മൊഴിയെടുക്കാനും തീരുമാനമായിട്ടുണ്ട്. എയർട്രാഫിക് കൺട്രോൾ റൂമിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കും. പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ശബരിമലയിൽ കോസ്റ്റ് ഗാർഡ് നിരീക്ഷണം നടത്തേണ്ട സാഹചര്യമില്ലെന്നിരിക്കെ, പൈലറ്റുമാർക്ക് സംഭവിച്ചത് സാങ്കേതിക പിഴവാണോ അതോ മനഃപൂർവമുള്ള നീക്കമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
സംഭവത്തിൽ അനുമതിയില്ലാതെ സുരക്ഷാ മേഖലയിൽ കടന്നുകയറി പരിഭ്രാന്തി പരത്തിയതിന് സന്നിധാനത്തെ സുരക്ഷാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി പമ്പ പോലീസ് കേസെടുത്തിട്ടുണ്ട്. സ്പെഷ്യൽ കമ്മീഷണർ ഇതുസംബന്ധിച്ച റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി. എഡിജിപിയുടെ റിപ്പോർട്ടും കോടതി പരിഗണിക്കും. നിലക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ പറത്തുന്നത് പോലും നിരോധിച്ചിട്ടുള്ള സാഹചര്യത്തിൽ, അതീവ സുരക്ഷയുള്ള ശ്രീകോവിലിന് മുകളിലൂടെയുള്ള ഈ യാത്ര ഉന്നതതല അന്വേഷണത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
Helicopter flying in Sabarimala is a serious security violation; decision to record statements of pilots
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla



