തിരുവനന്തപുരം: നെടുമങ്ങാട് ചോറു കൊടുക്കുന്നതിനിടെ ഒന്നര വയസുകാരൻ മരിച്ച സംഭവം ക്രൂരമായ കൊലപാതകമെന്ന് തെളിഞ്ഞു. നെടുമങ്ങാട് സ്വദേശിനി അഖിലയുടെ മകൻ ആർഷിദ് (അക്ഷജിത്ത്) ആണ് മരിച്ചത്. കുഞ്ഞിനെ ചോറു കൊടുക്കുന്നതിനിടെ നിർത്താതെ കരഞ്ഞപ്പോൾ തലയ്ക്ക് പിന്നിൽ ശക്തമായി അടിച്ചതായി രണ്ടാനച്ഛൻ അഷ്കർ പൊലീസിന് മൊഴി നൽകി. ഇതോടെ അസ്വാഭാവിക മരണത്തിന് എടുത്ത കേസ് കൊലപാതകമായി മാറ്റി, കുട്ടിയുടെ അമ്മ അഖിലയെയും പങ്കാളി അഷ്കറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ഛർദിച്ചതിനെ തുടർന്ന് തിരുവനന്തപുരം എസ്ഐടി ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെടുകയായിരുന്നു എന്നാണ് അഷ്കർ ആദ്യം വ്യക്തമാക്കിയത്. ഈ സമയം അമ്മ അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു. എന്നാൽ, കുഞ്ഞിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതോടെയാണ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ് തുടക്കമിട്ടത്. ഇൻക്വസ്റ്റ് നടപടികളിൽ തന്നെ കുഞ്ഞിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. നിരന്തരമായ മർദ്ദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് കണ്ടെത്തി. കുഞ്ഞിന്റെ ശരീരത്തിൽ ചെറുതും വലുതുമായ 51-ഓളം മുറിവുകളും പാടുകളുമുണ്ട്. കൈകാലുകളിലും മുതുകിലും പൊള്ളലേറ്റ അടയാളങ്ങളും ജനനേന്ദ്രിയത്തിൽ പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. ദീർഘനാളായി പ്രതി കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ഈ തെളിവുകൾ വ്യക്തമാക്കുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. അഷ്കർ കുഞ്ഞിനെ മർദ്ദിക്കാറുണ്ടായിരുന്നെന്ന് അമ്മ അഖില പൊലീസിനോട് സമ്മതിച്ചു. അടിയേറ്റ് ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ പിന്നീട് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്ന് അഷ്കറും മൊഴി നൽകി. റിമാൻഡ് നടപടികൾ പൂർത്തിയാക്കി പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പിതാവ് അഖിലിന്റെ വീട്ടിൽ സംസ്കരിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Heartbreaking brutality; Murder of 1.5-year-old boy in Nedumangad: Arrest of mother and stepfather recorded





