ഒന്റാറിയോ: ഒന്റാറിയോയിയെ സർവകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ (UHIP) പ്രീമിയം നിരക്കുകൾ വർധിപ്പിച്ചു. 2026 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിരക്ക് പ്രകാരം നിർബന്ധിത ആരോഗ്യ ഇൻഷുറൻസിനായി വിദ്യാർത്ഥികൾ ഇനി മുതൽ 20 ശതമാനത്തോളം അധിക തുക നൽകേണ്ടി വരും. നിലവിൽ പ്രതിമാസം 66 കനേഡിയൻ ഡോളറായിരുന്ന നിരക്ക് 79 ഡോളറായാണ് ഉയർത്തിയിരിക്കുന്നത്. ഇതോടെ 12 മാസത്തെ ഇൻഷുറൻസ് തുക 792 ഡോളറിൽ നിന്ന് 948 ഡോളറായി ഉയർന്നു. ഒറ്റയടിക്ക് 156 ഡോളറിന്റെ വർധനവാണ് ഓരോ വിദ്യാർത്ഥിക്കും ഉണ്ടാകുന്നത്.
ഒന്റാറിയോയിലെ 22 സർവകലാശാലകളിലെ ആയിരക്കണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികളെയാണ് ഈ തീരുമാനം നേരിട്ട് ബാധിക്കുന്നത്. വിദ്യാർത്ഥികൾക്കൊപ്പം കുടുംബാംഗങ്ങളും ഒപ്പമുള്ളവർക്ക് തുക ഇനിയും കുത്തനെ കൂടും. ഒരു ആശ്രിതനുള്ള വിദ്യാർത്ഥി പ്രതിവർഷം 1,896 ഡോളറും, രണ്ടോ അതിലധികമോ ആശ്രിതരുള്ളവർ 2,844 ഡോളറും അടയ്ക്കേണ്ടി വരും. ജനുവരിയിൽ പഠനം ആരംഭിക്കുന്നവർക്ക് എട്ട് മാസത്തേക്ക് 632 ഡോളറും മെയ് മാസത്തിൽ ആരംഭിക്കുന്നവർക്ക് നാല് മാസത്തേക്ക് 316 ഡോളറുമാണ് ഇൻഷുറൻസ് തുകയായി നിർണ്ണയിച്ചിരിക്കുന്നത്. വിസ പെർമിറ്റുകളിൽ കാനഡ സർക്കാർ വരുത്തിയ പുതിയ നിയന്ത്രണങ്ങൾക്ക് പുറമെയാണ് ഇപ്പോൾ ഇൻഷുറൻസ് നിരക്കിലും വലിയ വർധനവ് വരുത്തിയിരിക്കുന്നത്.
ആരോഗ്യ സംരക്ഷണ ചെലവുകളിലും ക്ലെയിമുകളിലും വന്ന വലിയ വർധനവാണ് പ്രീമിയം തുക ഉയർത്താൻ കാരണമെന്ന് UHIP ഔദ്യോഗികമായി അറിയിച്ചു. മനുലൈഫ് ഇൻഷുറൻസ് നൽകുന്ന ഈ പ്ലാൻ കവാൻ ഇൻഷുറൻസ് ഗ്രൂപ്പാണ് മാനേജ് ചെയ്യുന്നത്. കനേഡിയൻ പൗരന്മാർക്കുള്ള ഒന്റാറിയോ ഹെൽത്ത് ഇൻഷുറൻസ് പ്ലാനിന് (OHIP) വിദേശ വിദ്യാർത്ഥികൾ അർഹരല്ലാത്തതിനാലാണ് UHIP നിർബന്ധമാക്കിയിട്ടുള്ളത്. ടൊറന്റോ സർവകലാശാല, യോർക്ക്, ക്വീൻസ്, വാട്ടർലൂ, ഒട്ടാവ തുടങ്ങി UHIP പങ്കാളികളായ എല്ലാ 22 സർവകലാശാലകൾക്കും ഈ നിരക്ക് മാറ്റം ഒരുപോലെ ബാധകമാണ്. എന്നാൽ ഒന്റാറിയോയിലെ കോളേജ് വിദ്യാർത്ഥികൾക്ക് സ്വന്തമായി വേറെ ഇൻഷുറൻസ് ക്രമീകരണങ്ങൾ ഉള്ളതിനാൽ ഈ വർധനവ് ബാധകമാകില്ല. സെപ്റ്റംബറിൽ പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർത്ഥികൾ തങ്ങളുടെ സാമ്പത്തിക പ്ലാനുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





