ചണ്ഡീഗഡ്: കാനഡയിൽ ഉന്നതപഠനത്തിനും വിസ പ്രോസസിംഗിനുമായി പണം വാങ്ങിയ ശേഷം വാഗ്ദാനം പാലിക്കാത്ത കൺസൾട്ടൻസി സ്ഥാപനം 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ചണ്ഡീഗഡ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റേതാണ് നിർണായക വിധി. ട്യൂഷൻ ഫീസായി ലഭിച്ച തുക സർവകലാശാലയിൽ അടയ്ക്കാതിരിക്കുകയും വിസ നടപടികൾ പൂർത്തിയാക്കാതിരിക്കുകയും ചെയ്തതിനെത്തുടർന്ന് പരാതിക്കാരിക്ക് സർവകലാശാലാ പ്രവേശനവും ഒരു അധ്യയന വർഷവും നഷ്ടമായിരുന്നു.
2023-ൽ കാനഡയിലെ ക്രാൻഡൽ യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ഓഫ് മാനേജ്മെന്റ് കോഴ്സിന് പ്രവേശനം നേടുന്നതിനായാണ് 31-കാരിയായ പരാതിക്കാരി മൊഹാലിയിലെ സ്ഥാപനത്തെ സമീപിച്ചത്. വാഗ്ദാനങ്ങൾ വിശ്വസിച്ച് യൂണിവേഴ്സിറ്റി ഓഫർ ലെറ്റർ നിരക്കുകളും ട്യൂഷൻ ഫീസുമടക്കം തുക ഇവർ ഏജൻസിയെ ഏൽപ്പിച്ചു. എന്നാൽ നിരന്തരമായ ഉറപ്പുകൾ നൽകിയതല്ലാതെ കമ്പനി വിസ അപേക്ഷ നൽകുകയോ ട്യൂഷൻ ഫീസ് സർവകലാശാലയിൽ അടയ്ക്കുകയോ ചെയ്തില്ല. തുടർന്ന് പോലീസിൽ പരാതി നൽകിയപ്പോൾ, 11.34 ലക്ഷം രൂപ ഗഡുക്കളായി തിരികെ നൽകാം എന്ന് കമ്പനി രേഖാമൂലം കരാറുണ്ടാക്കിയെങ്കിലും ഒരു ലക്ഷം രൂപ മാത്രമാണ് തിരികെ നൽകിയത്.
ബാക്കി തുക നൽകാൻ കമ്പനി വിസമ്മതിച്ചതോടെയാണ് യുവതി ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കേസിന്റെ നടപടിക്രമങ്ങളിൽ കമ്പനി പ്രതിനിധികൾ ഹാജരാകാതിരുന്നത് കുറ്റം സമ്മതിക്കുന്നതിന് തുല്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. നൽകിയ സേവനങ്ങളിൽ വീഴ്ച വരുത്തുകയും ഉപഭോക്താവിനെ വഞ്ചിക്കുകയും ചെയ്തതിന് 10.34 ലക്ഷം രൂപ റീഫണ്ടായി നൽകാൻ പ്രസിഡന്റ് പവൻജിത് സിംഗ്, അംഗം ബി.എം. ശർമ്മ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. ഇതിനുപുറമെ, ഗ്യാരന്റീഡ് ഇൻവെസ്റ്റ്മെന്റ് സർട്ടിഫിക്കറ്റ് (GIC) അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട 46,985 രൂപയും ഓഫർ ലെറ്റർ ചാർജായ 6,200 രൂപയും മാനസിക ബുദ്ധിമുട്ടുകൾക്കും കേസ് നടത്തിപ്പിനുമുള്ള നഷ്ടപരിഹാരമായി 15,000 രൂപയും പരാതിക്കാരിക്ക് നൽകണമെന്ന് കോടതി വിധിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





