ഓട്ടവ : പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിനുമായി ഉപയോഗിക്കുന്ന സെമാഗ്ലൂറ്റൈഡ് അടങ്ങിയ ജി.എൽ.പി-1 (GLP-1) മരുന്നുകൾ കാഴ്ചനഷ്ടത്തിന് കാരണമായേക്കാമെന്ന മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ. ഈ മരുന്നുകൾ ഉപയോഗിക്കുന്നവരിൽ ‘നോൺ-ആർട്ടെറിറ്റിക് ആന്റീരിയർ ഇസ്കെമിക് ഒപ്റ്റിക് ന്യൂറോപ്പതി’ (NAION) എന്ന നേത്രരോഗം ഉണ്ടാകാൻ നേരിയ സാധ്യതയുണ്ടെന്ന് സുരക്ഷാ അവലോകനത്തിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് ബുധനാഴ്ച വ്യക്തമാക്കി. വളരെ അപൂർവമായി മാത്രമേ ഇത് സംഭവിക്കാൻ സാധ്യതയുള്ളൂ എങ്കിലും പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തയോട്ടം കുറയുന്നത് മൂലം വേദനയില്ലാതെ പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയോ കാഴ്ചയിൽ വ്യതിയാനങ്ങൾ ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് NAION. ഇത് ഒരു സമയം ഒരു കണ്ണിനെ മാത്രമാണ് ബാധിക്കുന്നത്. നിലവിൽ ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമല്ല. സെമാഗ്ലൂറ്റൈഡ് മരുന്നുകളെ കേന്ദ്രീകരിച്ചായിരുന്നു ഇതുവരെയുള്ള പരിശോധനയെന്നും മറ്റ് ജി.എൽ.പി-1 മരുന്നുകളിലും സമാനമായ അപകടസാധ്യതയുണ്ടോ എന്ന് വിലയിരുത്തി വരികയാണെന്നും ഹെൽത്ത് കാനഡ അറിയിച്ചു. കാഴ്ചനഷ്ടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മരുന്നുകളുടെ ഉൽപ്പന്ന വിവരങ്ങളിൽ ഉൾപ്പെടുത്താൻ നിർമ്മാതാക്കളുമായി ചേർന്ന് നടപടികൾ സ്വീകരിച്ചുവരികയാണ്.
നിലവിൽ ഒസെംപിക്, റൈബെൽസസ്, പ്ലോസ്ബ്രിയോ, പോവിസ്ട്ര, വെഗോവി എന്നീ ബ്രാൻഡ് നാമങ്ങളിലാണ് കാനഡയിൽ ജി.എൽ.പി-1 മരുന്നുകൾ വിൽക്കുന്നത്. കൂടാതെ അപ്പോ-സെമാഗ്ലൂറ്റൈഡ് ഇൻജക്ഷൻ, ആസ്പൻ-സെമാഗ്ലൂറ്റൈഡ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സെമാഗ്ലൂറ്റൈഡ് ഇൻജക്ഷൻ, സാൻഡോസ് സെമാഗ്ലൂറ്റൈഡ്, സെവ്മിയ എന്നീ ജനറിക് മരുന്നുകളും വിപണിയിലുണ്ട്. അമിതവണ്ണമുള്ളവർക്കും അനുബന്ധ ആരോഗ്യപ്രശ്നങ്ങളുള്ളവർക്കുമായി എലി ലില്ലിയുടെ ‘ഫൗണ്ടായോ’ എന്ന ഗുളികയ്ക്ക് ഈ മാസം ആദ്യം ഹെൽത്ത് കാനഡ അനുമതി നൽകിയിരുന്നുവെങ്കിലും ഇത് വിപണിയിലെത്തിയിട്ടില്ല. നോവോ നോർഡിസ്കിന്റെ ‘വെഗോവി’ ഗുളിക അനുമതിക്കായി കാത്തിരിക്കുകയാണ്.
ALSO READ: അടുത്ത മാസവും പലിശനിരക്ക് ഉയർത്താൻ ബാങ്ക് ഓഫ് കാനഡ; വായ്പക്കാർക്ക് തിരിച്ചടി
ഏതൊരു ആരോഗ്യ ഉൽപ്പന്നവും ഉപയോഗിക്കുന്നതിന് മുൻപ് അവയുടെ പാർശ്വഫലങ്ങളെക്കുറിച്ച് ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിക്കുന്നു. സെമാഗ്ലൂറ്റൈഡ് മരുന്നുകൾ കഴിക്കുന്നവർക്ക് പെട്ടെന്ന് കാഴ്ച നഷ്ടപ്പെടുകയോ കാഴ്ച മങ്ങുകയോ ചെയ്താൽ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്. രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടർമാർ രോഗിയെ നേത്രരോഗവിദഗ്ധന്റെ പരിശോധനയ്ക്കായി നിർദ്ദേശിച്ചേക്കാം. പരിശോധനയിൽ NAION എന്ന രോഗാവസ്ഥ സ്ഥിരീകരിക്കുകയാണെങ്കിൽ മരുന്ന് ഉപയോഗിക്കുന്നത് പൂർണ്ണമായും നിർത്തേണ്ടി വരുമെന്നും ഹെൽത്ത് കാനഡ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z





