കാൽഗറി: ലിസ്റ്റീരിയ ബാക്ടീരിയയുടെ മലിനീകരണ സാധ്യതയെ തുടർന്ന് കാൽഗറി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്രഷ് ബൈറ്റ്സ് ഇൻകോർപ്പറേറ്റഡ് വിറ്റഴിച്ച 28 ഇനം സാൻഡ്വിച്ച് ഉൽപ്പന്നങ്ങൾ ഹെൽത്ത് കാനഡ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. CTV ന്യൂസ് റിപ്പോർട്ട് ചെയ്തത് പ്രകാരം, വ്യാഴാഴ്ചയാണ് ഹെൽത്ത് കാനഡ ഇതുസംബന്ധിച്ച ഔദ്യോഗിക മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഫ്രഷ് & ലോക്കൽ, ഫ്രഷ് ബൈറ്റ്സ്, സ്പൈഹിൽ എന്നീ പ്രമുഖ ബ്രാൻഡുകൾക്ക് കീഴിൽ വിറ്റഴിച്ച ഉൽപ്പന്നങ്ങളാണ് പരിശോധനയിൽ സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കണ്ടെത്തിയത്. വിമാനക്കമ്പനികൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, ഗ്യാസ് സ്റ്റേഷനുകൾ, റെസ്റ്റോറന്റുകൾ എന്നിവ വഴി വിതരണം ചെയ്ത ഉൽപ്പന്നങ്ങളാണിവ.
വാങ്ങിയ ഇത്തരം ഉൽപ്പന്നങ്ങൾ ഉടനടി ഉപേക്ഷിക്കണമെന്നും ഇവ യാതൊരു കാരണവശാലും ഉപയോഗിക്കാനോ വിൽക്കാനോ പാടില്ലെന്നും ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകി. കാണാനോ മണത്തറിയാനോ സാധിക്കാത്ത ഈ ബാക്ടീരിയ ബാധിച്ചാൽ ഛർദ്ദി, പനി, പേശിവേദന, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. ഗർഭിണികൾ, മുതിർന്ന പൗരന്മാർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. നിലവിൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് അസുഖബാധിതരായിട്ടുണ്ടെന്ന് സംശയമുള്ളവർ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
Also Read ; ബിസി ഡിസബിലിറ്റി പേയ്മെന്റ് തിയ്യതി പ്രഖ്യാപിച്ചു; തുകയും വിശദാംശങ്ങളും അറിയാം
ശുചിത്വമില്ലായ്മയും പരിശോധനയിൽ ലിസ്റ്റീരിയയുടെ സാന്നിധ്യം കണ്ടെത്തിയതും കാരണം കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) കഴിഞ്ഞ ഓഗസ്റ്റ് 21-ന് കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ആവശ്യമായ തിരുത്തൽ നടപടികൾ പൂർത്തിയാക്കുന്നതുവരെ സസ്പെൻഷൻ തുടരുമെന്നും, 90 ദിവസത്തിനുള്ളിൽ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ ലൈസൻസ് പൂർണമായി റദ്ദാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq









